കബനീതീരത്തു മേയാന്‍ ഇനി ഭോഗേശ്വരനില്ല

ഭോഗേശ്വരന്‍

പുല്‍പള്ളി: കബനി നദിയുടെ തീരങ്ങളില്‍ മേയാന്‍ ഇനി ഭോഗേശ്വരില്ല. 55 വയസ് മതിക്കുന്ന ഈ കാട്ടാന നാഗളം വനത്തില്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസമാണ് ആനയുടെ ജഡം വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. കര്‍ണാടകയിലെ ബന്ദിപ്പുര, നാഗരഹോള വനങ്ങളിലെ ആനകളില്‍ ഏറ്റവും തലയെടുപ്പുള്ളതായിരുന്നു ഭോഗേശ്വരന്‍. കബനിക്കടുത്തു വനത്തിലെ ഭോഗേശ്വര ക്ഷേത്ര പരിസരമായിരുന്നു ആനയുടെ സ്ഥിരം താവളം. ഇതാണ് ആനയ്ക്കു ഭോഗേശ്വരന്‍ എന്നു പേരുവീഴാന്‍ കാരണം. വനപാലകര്‍ക്കും ഗ്രാമീണര്‍ക്കും സുപരിചിതനായിരുന്ന ഭോഗേശ്വരന്‍. വല്ലപ്പോഴും ഗ്രാമ പരിസരങ്ങളില്‍ എത്തുമെങ്കിലും ഭോഗേശ്വരന്‍ വിളനാശമോ ആള്‍നാശമോ വരുത്തിയ ചരിത്രമില്ല. ആളുകള്‍ സമീപത്തു ചെന്നാലും ശാന്തനായി നില്‍ക്കുന്നതായിരുന്നു സ്വഭാവം. ഏട്ടര അടി നീളമുള്ള കൊമ്പുകള്‍ വളര്‍ന്നു കോര്‍ത്തതിനാല്‍ കുറച്ചുകാലമായി ആന തുമ്പിക്കൈ ചലിപ്പിക്കാനും ഭക്ഷണം കഴിക്കാനും പ്രയാസപ്പെട്ടിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരുന്നു സംസ്‌കാരം. വനം-വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രത്യേക പൂജ നടത്തിയാണ് ജഡം കത്തിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles