സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു-സംയുക്ത കര്‍ഷക സമര സമിതി

കല്‍പറ്റ: ജപ്തി നീക്കത്തെത്തുടര്‍ന്നു പുല്‍പള്ളി ഇരുളത്തു ആത്മഹത്യ ചെയ്ത അഡ്വ.ടോമിയുടെ വായ്പ വിഷയത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു സംയുക്ത കര്‍ഷക സമര സമിതി നേതാക്കള്‍ ആരോപിച്ചു. ടോമിയുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളാനും പണയവസ്തുവിന്റെ ആധാരം തിരികെ നല്‍കാനും സന്നദ്ധമാണെന്നു ആരെയും അറിയിച്ചിട്ടില്ലെന്ന ബാങ്ക് അധികാരികളുടെ നിലപാട് കാപട്യമാണ്. പുല്‍പള്ളി ശാഖയില്‍നിന്നു അനുവദിച്ച ഭവന വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് നടത്തിയ ജപ്തി നീക്കമാണ് ടോമിയുടെ ആത്മഹത്യക്കു കാരണമായത്. ഇതേത്തുടര്‍ന്നു സമര സമിതി മെയ് 12നു ബാങ്കിനു മുന്നില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചു. സമരം ഒത്തുതീര്‍ക്കുന്നതിനു മെയ് 18നു ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരും സമര സമിതി പ്രതിനിധികളും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സമര സമിതി ഉന്നയിച്ചതാണ് ടോമിയുടെ കടം എഴുതിത്തള്ളി പണയവസ്തുവിന്റെ ആധാരം കുടുംബത്തിനു നല്‍കണമെന്ന ആവശ്യം. ഇതു ബാങ്ക് ഉദ്യോഗസ്ഥര്‍ തത്വത്തില്‍ അംഗീകരിക്കുകയും നടപ്പിലാക്കുന്നതിനു രണ്ടാഴ്ച സാവകാശം ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. ടോമിയുടെ അവകാശികളില്‍ ഒരാള്‍ക്കു ജോലി എന്ന ആവശ്യം അനുഭാവത്തോടെ പരിഗണിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഇതു സംബന്ധിച്ച കരാറില്‍ ഇരു കക്ഷികളും ഒപ്പിടുകയുമുണ്ടായി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും കുടിശ്ശിക എഴുതിത്തള്ളി ആധാരം തിരികെ നല്‍കാന്‍ ബാങ്ക് തയാറായില്ല. ഈ സാഹചര്യത്തിലാണ് സമര സമിതി ബാങ്കിന്റെ പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ അനിശ്ചിതകാല പ്രക്ഷോഭം പുനരാരംഭിച്ചത്. ഇതിനു പിന്നാലെയാണ് ബാങ്ക് അധികൃതര്‍ ജനങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന മാധ്യമങ്ങള്‍ക്കു നല്‍കിയത്.
ബാങ്കിന്റെ വാഗ്ദാന ലംഘനത്തെയും തെറ്റായ പ്രസ്താവനയെയും സമര സമിതി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ മാസം 20നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വയനാട്ടില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു ശാഖയും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വേണ്ടിവന്നാല്‍ സമരം സൗത്ത് ഇന്ത്യന്‍ ബാങ്ക് ആസ്ഥാനത്തേക്കു വ്യാപിപ്പിക്കുമെന്നും സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles