കബനി നദി പുനരുജ്ജീവനം: ശില്‍പശാലകള്‍ പൂര്‍ത്തീകരിച്ചു

കല്‍പറ്റ: കബനി നദി പുനരുജ്ജീവനം ക്യാമ്പയിന്റെ തദ്ദേശസ്ഥാപനങ്ങളിലെ ശില്‍പശാലകള്‍ പൂര്‍ത്തീകരിച്ചു. കബനി നദി സംരക്ഷണത്തിനായി നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്യാമ്പയിനാണിത്. ജില്ലയുടെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ സുസ്ഥിര നിലനില്‍പ്പ് ഉറപ്പാക്കുന്നതിനും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. കബനിയുടെ കൈവഴികളൊഴുകുന്ന വൈത്തിരി, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം, എടവക, വെള്ളമുണ്ട, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലുമാണ് ശില്‍പശാലകള്‍ പൂര്‍ത്തീകരിച്ചത്. കബനി നദിയെ പൂര്‍ണമായും വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച ശില്‍പശാലകളില്‍ നടന്നു. കബനി നദി പുനരുജ്ജീവനവുമായി ബന്ധപ്പെടുത്തി മാലിന്യസംസ്‌കരണം, കൃഷി, ടൂറിസം, ജലസംരക്ഷണം എന്നീ നാല് വിഷയ മേഖലകളില്‍ ഉള്‍പ്പെടുത്തി കബനി തീരങ്ങളിലുള്ള ആളുകളുടെ ജീവനോപാധിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും എന്നതിനെക്കുറിച്ചും ഗ്രൂപ്പ് ചര്‍ച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് ഓരോ തദ്ദേശസ്ഥാപനത്തിനും ആവിഷ്‌കരിക്കാന്‍ കഴിയുന്ന പരിപാടികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തുകയും പ്രത്യേക രേഖകളാക്കി യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles