ബുള്‍ഡോസര്‍ ഫാസിസവും ഇന്ത്യന്‍ ജനാധിപത്യവും: എസ്.ഡി.പി.ഐ ചര്‍ച്ചാസംഗമം 21ന്

കല്‍പറ്റ: എസ്.ഡി.പി.ഐ 13-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ‘ബുള്‍ഡോസര്‍ ഫാഷിസവും ഇന്ത്യന്‍ ജനാധിപത്യവും’ എന്ന വിഷയത്തില്‍ 21ന് വൈകുന്നേരം 4.15നു കല്‍പറ്റ അരുണ്‍ ടൂറിസ്റ്റ് ഹോമില്‍ ചര്‍ച്ചാസംഗമം നടത്തും. വിവിധ രാഷ്ട്രീയ, സാംസ്‌കാരീക, പൗരാവകാശ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നു പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ടി.പി.അബ്ദുല്‍ റസാഖ്, ജില്ലാ കമ്മിറ്റിയംഗം കെ.പി.സുബൈര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളും ബഹുസ്വരതയും ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ തളളിക്കയറ്റത്തില്‍ രാജ്യം പകച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ‘വിശപ്പില്ലാത്ത ഇന്ത്യ, ഭയമില്ലാത്ത ഇന്ത്യ’ എന്ന മുദ്രാവാക്യമുയര്‍ത്തി 2019 ജൂണ്‍ 21ന് എസ്.ഡി.പി.ഐ രൂപീകൃതമാവുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍നിന്നു വ്യത്യസ്തമായി വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന മഹത്തായ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ഭരണഘടനയെ തള്ളിക്കളയുന്നതും ജാതി മേല്‍കോയ്മയില്‍ അധിഷ്ഠിതവുമായ ഫാസിസ്റ്റ് രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര്‍ നയിക്കുന്ന ഭരണകൂടം. ഈ സാഹചര്യത്തില്‍ എല്ലാ പൗരന്‍മാര്‍ക്കും സ്വാതന്ത്ര്യവും തുല്യനീതിയും തുല്യാവകാശങ്ങളും ലഭ്യമാവുന്ന ഇന്ത്യയുടെ പുനര്‍നിര്‍മിതിക്ക് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണം. രാജ്യത്ത് ആര്‍.എസ്.എസിനെതിരെ നിലപാടെടുക്കുന്നതില്‍ അശക്തരായ സാമ്പ്രദായിക പാരമ്പര്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഫാസിസത്തിനു വിധേയമാവുകയോ ഓരം ചേര്‍ന്ന് നീങ്ങുകയോ അവരോട് സമരസപ്പെടുകയോ ചെയ്യുകയാണ്. ആര്‍.എസ്.എസിന്റെ വംശീയ-വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുന്ന ഏതു മുന്നേറ്റത്തേയും തീവ്രവാദ ചാപ്പകുത്തി തമസ്‌കരിക്കുകയും ചെയ്യുന്നു. രാജ്യം വലിയ കലാപങ്ങളിലേക്കും വംശഹത്യയിലേക്കും നീങ്ങികൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കേണ്ടതു ഓരോ പൗരന്റെയും കടമയാണെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles