കായികവേദിയില്‍ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മാത്യു

സുബേദാര്‍ മാത്യു.

കല്‍പറ്റ-ചെന്നലോട് വലിയനിരപ്പില്‍ മാത്യുവിനു വയസ് 70. കിതച്ചും ചുമച്ചും പ്രഷര്‍, ഷുഗര്‍ ഇത്യാദി വ്യാധികളോടു പൊരുതിയും വീട്ടിലിരിപ്പാണ് ഈ പ്രായത്തിലുള്ള പലരും. എന്നാല്‍ വെറ്ററന്‍സ് മാരത്തണ്‍ മത്സരങ്ങളില്‍ മെഡല്‍വേട്ട നടത്തുകയാണ് മാത്യു. ഏറ്റവും ഒടുവില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന
ഓള്‍ കേരള മാസ്‌റ്റേഴ്‌സ് മീറ്റില്‍ 800, 1,500, 5,000 മീറ്റര്‍ ഓട്ടത്തില്‍ മാത്യു ഫിനിഷ് ചെയ്തത് ഒന്നാമനായി. നേരത്തേ ഹൈദരാബാദില്‍ നടന്ന വേള്‍ഡ് 10 കിലോമീറ്റര്‍ മാരത്തണില്‍ സൂപ്പര്‍ വെറ്ററണ്‍ കാറ്റഗറിയില്‍ മാത്യു സ്വര്‍ണം നേടിയിരുന്നു. മറ്റു നേട്ടങ്ങളും കൈവരച്ചിട്ടുണ്ട്.
ചെന്നലോട് വലിയനിരപ്പില്‍ പരേതരായ തോമസ്-കത്രീന ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനാണ് മാത്യു. കോട്ടയം ജില്ലയിലെ പാലായില്‍നിന്നു വയനാട്ടില്‍ കുടിയേറിയതാണ് വലിയനിരപ്പില്‍ കുടുംബം. 21-ാം വയസില്‍ കരസേനയില്‍ ചേര്‍ന്ന മാത്യു 2008ല്‍ മദ്രാസ് എന്‍ജിനീയേഴ്‌സ് റെജിമെന്റില്‍നിന്നു സുബേദാറായാണ് വിരമിച്ചത്. കൃഷിയും കാര്യങ്ങളുമായി കൂടുന്നതിനിടെയാണ് കായികരംഗത്തേക്കു തിരിഞ്ഞത്. ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2013,2014,2015 വര്‍ഷങ്ങളില്‍ മാസ്റ്റര്‍ മിസ്റ്റര്‍ വയനാടായി. പിന്നീടാണ് ബോഡി ബില്‍ഡിംഗ് വിട്ട് ദീര്‍ഘദൂര ഓട്ടക്കാരനായത്.
വിദ്യാര്‍ഥിയായിരിക്കെ മാത്യുവിനു സ്‌പോര്‍ട്‌സില്‍ കമ്പം ഉണ്ടായിരുന്നില്ല. പട്ടാളത്തിലായിരുന്നപ്പോള്‍ റെജിമെന്റ് തലത്തില്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. ഈ അനുഭവമാണ് 2016ല്‍ ദീര്‍ഘദൂര ഓട്ടക്കാരനാകുന്നതില്‍ പ്രചോദനമായത്. പരിശീലനം തുടങ്ങിയ മാത്യു ജീവിതക്രമത്തിലും കാതലായ മാറ്റം വരുത്തി. അരിയാഹാരം പരമാവധി കുറച്ചു. കാപ്പിയും ചായയും ഒഴിവാക്കി. പഴവര്‍ങ്ങളും വെള്ളവും കൂടുതല്‍ കഴിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശരീരഭാരം 18 കിലോഗ്രാം കുറഞ്ഞു. തുടര്‍ന്നാണ് മാരത്തണ്‍ മത്സരങ്ങളില്‍ സജീവമായത്. ഭാര്യ എത്സമ്മയും ഷെറിന്‍, സ്വപ്‌ന, സിജോ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

Leave a Reply

Your email address will not be published.

Social profiles