മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷനെ നിശിതമായി വിമര്‍ശിച്ച് എം.എസ്.എഫ് നേതാവ്

പി.പി.ഷൈജല്‍ വാര്‍ത്താസമ്മേളനത്തില്‍.

കല്‍പറ്റ: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ നിശിതമായി വിമര്‍ശിച്ച് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജല്‍. കേരളത്തില്‍ മുസ്‌ലിം-ക്രസ്ത്യന്‍ വര്‍ഗീയ ചേരിതിരിവിനു അടിത്തറ പാകിയതു സാദിഖലി ശിഹാബ് തങ്ങളാണെന്നു ഷൈജല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ബുധനാഴ്ച കല്‍പറ്റയില്‍ സുഹൃദ് സംഗമം നടത്താനിരിക്കെയാണ് ഷൈജലിന്റെ വിമര്‍ശനം. ഹരിത വിവാദവുമായി ബന്ധപ്പെട്ടു ഷൈജലിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍നിന്നു സംഘടന നീക്കിയിരുന്നു. അച്ചടക്കനടപടിയുടെ ഭാഗമായി പാര്‍ട്ടിയും ഷൈജലിനെ പുറത്താക്കി. ഇതിനെതിരെ മുനിസിഫ് കോടതിയെ സമീപിച്ച ഷൈജല്‍ ഇടക്കാല ഉത്തരവ് നേടിയാണ് പാര്‍ട്ടി-എം.എസ്.എഫ് പദവികളില്‍ തുടരുന്നത്.
ഹഗിയ സോഫിയ വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനമാണ് കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്‌ലിം വര്‍ഗീയ ചേരിതിരിവിന്റെ കാരണങ്ങളില്‍ ഒന്ന്. ലൗ ജിഹാദ് വിവാദത്തില്‍ ഇരു വിഭാഗങ്ങളിലെയും തീവ്ര നിലപാടു സ്വീകരിക്കുന്നവരെ അതില്‍നിന്നു പിന്തിരിപ്പിക്കുന്നതിനു സംയുക്ത പ്രസ്താവന നടത്തണമെന്ന ചില ക്രിസ്ത്യന്‍ സംഘടനകളുടെ ആവശ്യത്തെ സാദിഖലി തങ്ങള്‍ തള്ളുകയാണുണ്ടായത്. ഇതു ചേരിതിരിവിനു ആക്കംകൂട്ടി. ഹഗിയ സോഫിയ, ലൗ ജിഹാദ് വിഷയങ്ങളില്‍ പാര്‍ട്ടി മുന്‍ അധ്യക്ഷരില്‍നിന്നു വ്യത്യസ്തമായ നിലപാടാണ് സാദിഖലി തങ്ങള്‍ സ്വീകരിച്ചത്.
മുസ്‌ലിംലീഗ് അധ്യക്ഷന്റെ കേരള പര്യടനം തികഞ്ഞ പരാജയമാണ്. പൊതുസമൂഹത്തില്‍ സ്വീകാര്യത ഉണ്ടാക്കാന്‍ നടത്തുന്ന പര്യടനം
പരിഹാസ്യമായ അവസ്ഥയിലാണ്. പര്യടനം നടന്ന ജില്ലകളില്‍ സാദിഖലി തങ്ങള്‍ വിളിച്ചുചേര്‍ത്ത സുഹൃദ്‌സംഗമങ്ങളില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷരുടെയും എന്‍.എസ്.എസും എസ്.എന്‍.ഡി.പി യോഗവും അടക്കം സമുദായ സംഘടനാനേതാക്കളുടെയും പങ്കാളിത്തം ഉണ്ടായില്ല. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും സുഹൃദ് സംഗമങ്ങളില്‍ ഇല്ല. ഇതെല്ലാം മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യ അനുഭവമാണ്. എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത ലീഗ് നിലപാടിന് മുമ്പ് ലഭിച്ചിട്ടുണ്ട്. സാദിഖലി തങ്ങളുടെ വരവോടെ ഇതര വിഭാഗങ്ങള്‍ക്കിടയിലെ സ്വീകാര്യത നഷ്ടമാകുന്നതാണ് കാണുന്നത്. നാളിതുവരെയുള്ള ലീഗിന്റെ ചരിത്രത്തില്‍ റംസാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇത്തവണ ലീഗിന്റെ പ്രവര്‍ത്തന ഫണ്ട് സമാഹരണമാണ് നടത്തിയത്. ബുധനാഴ്ചത്തെ സുഹൃദ് സംഗമത്തിലും പാര്‍ട്ടി കണ്‍വന്‍ഷനിലും വയനാട്ടുകാരായ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി, സംസ്ഥാന സമിതിയംഗം സി.മമ്മൂട്ടി എന്നിവരെ പങ്കെടുപ്പിക്കാത്തതു ആസൂത്രിതമായാണെന്നും ഷൈജല്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles