എം.പി ഓഫീസില്‍ സംഭവിച്ചത് കുപ്രചാരണത്തിന്റെ
തിക്തഫലം-പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പട്ട കുപ്രചാരണങ്ങളുടെ തിക്തഫലമാണ് കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ സംഭവിച്ചതെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. എം.പി ഓഫീസിലെ അക്രമത്തിനു ഹര്‍ത്താലടക്കം സംഘടിപ്പിച്ച മുഴുവന്‍ പാര്‍ട്ടികളും ഉത്തരവാദികളാണ്.
സുപ്രീം കോടതി ഉത്തരവില്‍ പറയുന്നതു വനത്തിന്റെ ഭാഗമായ ബഫര്‍ സോണിനെക്കുറിച്ചല്ല, പരിസ്ഥിതി സംവേദക മേഖലയെക്കുറിച്ചാണെന്നുപോലും സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരില്‍ പലരും മനസിലാക്കുന്നില്ല. വന്യജീവിസങ്കേതങ്ങളുടെചുറ്റുമോ പരിസരത്തോ ഉള്ള റിസര്‍വ് വനങ്ങള്‍ മാത്രമേ ബഫര്‍ സോണായി പ്രഖ്യാപിക്കാനാകൂ. ബഫര്‍ സോണും സംവേദക മേഖലയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ. പരിസ്ഥിതി സംവേദക മേഖലയില്‍ ഉള്‍പ്പെടുന്നതുമൂലം ആളുകള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരം സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2011ലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാദേശികതലത്തില്‍ മാറ്റാവുന്നതാണ്. സംവേദക മേഖലയ്ക്കായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും മാറ്റം വരുത്താനും അധികാരമുള്ള ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ എം.എല്‍.എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളാണ്. സംവേദക മേഖല വിജ്ഞാപനത്തില്‍ കാര്‍ഷികവിളകളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ, ഇന്‍സന്റീവ്, വന്യജീവി സംഘര്‍ഷം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. സംവേദക മേഖലയെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്രദമായി മാറ്റുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതിനും പരിശ്രമിക്കുന്നതിനു പകരം വിദ്വേഷ പ്രചാരണത്തിനും അവാസ്തവങ്ങള്‍ പറഞ്ഞുഫലിപ്പിച്ചു കലാപമുണ്ടാക്കുന്നതിനുമാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്സാഹിക്കുന്നത്.
കോടതി വിധി വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുകയോ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയോ ഗൗരവതരമായി പ്രശ്‌നത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരും വനം വകുപ്പും വിഷയത്തില്‍ തുടരുന്ന മൗനം പ്രതിഷേധാര്‍ഹമാണ്. എം.പി ഓഫീസില്‍ ഉണ്ടായ അക്രമത്തെ അപലപിക്കുന്നതായും സമിതി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles