യു.ഡി.എഫിനു മറുപടിയായി കല്‍പറ്റയില്‍ സി.പി.എം റാലി

യു.ഡി.എഫ് അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം കല്‍പറ്റയില്‍ നടത്തിയ റാലിയുടെ മുന്‍നിര.

കല്‍പറ്റ:രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ നടന്ന എസ്.എഫ്.ഐ അക്രമത്തെ അപലപിച്ചു ശനിയാഴ്ച യു.ഡി.എഫ് നടത്തിയ റാലിക്കു മറുപടിയായി നഗരത്തില്‍ സി.പി.എം റാലി. യു.ഡി.എഫ് റാലിക്കിടെ പാര്‍ട്ടി കൊടികളും തോരണങ്ങളും നശിപ്പിച്ചതിലും ദേശാഭിമാനി ജില്ലാ ബ്യൂറോയ്ക്കു കല്ലെറിഞ്ഞതിലും പ്രതിഷേധിച്ചായിരുന്നു സി.പി.എം റാലി. വൈകീട്ട് നാലോടെ കനറ ബാങ്ക് പരിസരത്ത് ആരംഭിച്ച് സര്‍വീസ് സഹകരണ ബാങ്കിനു സമീപം പൊതുയോഗത്തോടെ സമാപിച്ച റാലിയില്‍ രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ അണിനിരന്നു. ‘കൈയും വെട്ടും കാലും വെട്ടും വേണമെങ്കില്‍ തലയും വെട്ടും’ എന്നിങ്ങനെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കിലും അക്രമത്തിനു ആരും മുതിര്‍ന്നില്ല. രാഹുല്‍ഗാന്ധി എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കെട്ടിയ വാഴ ചുമന്നാണ് പ്രവര്‍ത്തകരില്‍ ചിലര്‍ റാലിയില്‍ പങ്കെടുത്തത്.
ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സംസ്ഥാന സമിതിയംഗം സി.കെ.ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ.എന്‍.പ്രഭാകരന്‍, കെ.റഫീഖ്, വി.വി.ബേബി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.ബി.സുരേഷ്, കെ.എം.ഫ്രാന്‍സിസ്, ബീന വിജയന്‍, വി.വി.രുക്മിണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുയോഗം പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles