കേന്ദ്ര സര്‍ക്കാരിന്റേത് കര്‍ഷകരെ നിരാകരിക്കുന്ന സമീപനം-രാഹുല്‍ഗാന്ധി എം.പി

മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്കിന്റെ ശതാബ്ദി ആഘോഷം രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി:കേന്ദ്ര സര്‍ക്കാരിന്റേത് കര്‍ഷകരെ നിരാകരിക്കുന്ന സമീപനമാണെന്നു രാഹുല്‍ഗാന്ധി എം.പി. ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികാഘോഷവും ശതാബ്ദി സ്മാരക മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരെ മാറ്റിനിര്‍ത്തി രാജ്യത്തിനു പുരോഗതി കൈവരിക്കാനാകില്ല. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. കാര്‍ഷിക മേഖലയെ കേന്ദ്ര സര്‍ക്കാര്‍ തഴയുകയാണ്. ഇതുതന്നെയാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത്.
ആവശ്യമായ പിന്‍ബലം ലഭിക്കുന്നില്ല എന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കേന്ദ്ര സര്‍ക്കാര്‍ കൃഷിക്കാരെ എങ്ങനെ കാണുന്നു എന്നതിനു ഉദാഹരണമാണ് നേരത്തേ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍. കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളുടെ ഗുണം സാധാരണ കര്‍ഷകര്‍ക്കു പ്രാപ്തമാകുന്നില്ല. ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നയിച്ചതില്‍ കോണ്‍ഗ്രസിന് അഭിമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് അഡ്വ.എന്‍.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.പിമാരായ കെ.സി.വേണുഗോപാല്‍, കെ. സുധാകരന്‍, എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എം.മനോജ്കുമാര്‍, ഡയറക്ടര്‍ ബേബി ഇളയിടം, നഗരസഭ ചെയപേഴ്‌സണ്‍ സി.കെ.രത്‌നവല്ലി എന്നിവര്‍ പ്രസംഗിച്ചു. എം.പിയുടെ പ്രസംഗം ടി.സിദ്ദീഖ് എം.എല്‍.എ പരിഭാഷപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles