രാഹുല്‍ഗാന്ധി സിപിഎമ്മിനെ ബിജെപിയുമായി താരതമ്യം ചെയ്തതു അനുചിതം- കെ. റഖീഖ്

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി സിപിഎമ്മിനെ ബിജെപിയുമായി താരതമ്യം ചെയ്തതു അനുചിതമാണെന്നു സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ കെ. റഫീഖ് പ്രസ്താവനയില്‍ പറഞ്ഞു. ‘ബിജെപിയെപോലെ സിപിഎമ്മും അക്രമത്തിലാണ് വിശ്വസിക്കുന്നത്, അക്രമം അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്’എന്നാണ് രാഹുല്‍ഗാന്ധി വെള്ളിയാഴ്ച ബത്തേരിയില്‍ പ്രസംഗിച്ചത്. ചരിത്രം പരിശോധിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തിനു ഇത്തരത്തില്‍ പറയാന്‍ കഴിയുന്നത്. മറ്റാരോ ചെവിയില്‍ പറയുന്നതു രാഹുല്‍ ഏറ്റുപറയുകയാണ്. യാന്ത്രിക പ്രതികരണങ്ങളില്‍നിന്ന് നാടിന്റെ ജൈവിക യാഥാര്‍ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിയാല്‍ മാത്രമേ രാഹുലിനു ബിജെപിയുടെ ഹിംസാത്മകതയുടെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളാന്‍ കഴിയൂ. മറിച്ചായാല്‍ കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും ചെവിയില്‍ ഓതുന്ന അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധത ഏറ്റുപാടുന്ന പാവയായി രാഹുലിനു കാലം കഴിക്കേണ്ടിവരും. അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് അരങ്ങേറിയ ഭരണകൂട ഭീകരത ഏതു പ്രത്യയ ശാസ്ത്രത്തിന്റെ പ്രയോഗമാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന വാദമുയര്‍ത്തി സിഖ് കൂട്ടക്കൊലയെ ലഘുകരിച്ച പ്രധാനമന്ത്രി ഇന്ത്യ ഭരിച്ചിരുന്നു എന്നത് രാഹുല്‍ മറക്കരുത്.
കാസര്‍ഗോഡ് ചീമേനിയില്‍ സി.പി.എമ്മിന്റെ അഞ്ചു പ്രവര്‍ത്തകരെ ചുട്ടുകൊന്ന പാരമ്പര്യത്തിന്റെ ഉടമകളാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ബിജെപിയുടെ ഉത്തരേന്ത്യന്‍ മോഡല്‍ അക്രമത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് സിപിഎം എന്ന് ഒരു വിളിച്ചുകൂവിയ രാഹുല്‍ഗാന്ധി, ചീമേനി കൂട്ടക്കൊല ഉത്തരേന്ത്യയെ ലജ്ജിപ്പിക്കുന്ന വിധത്തില്‍ കേരളത്തില്‍ അരങ്ങേറിയ അതിക്രമമായിരുന്നു എന്ന് മനസ്സിലാക്കണം. ഏത് പ്രത്യയശാസ്ത്രത്തിന്റെ ആവിഷ്‌കാരമായിരുന്നു ഈ ക്രൂരകൃത്യം എന്നു പറയാന്‍ അദ്ദേഹം സന്നദ്ധനാകണമെന്നും റഫീഖ് ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles