എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

കല്‍പ്പറ്റ: എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജൂണ്‍ 24നു രാഹുല്‍ഗാന്ധി എംപിയുടെ കൈനാട്ടി ഓഫീസില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടു എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. ജോയല്‍ ജോസഫ് പ്രസിഡന്റും ജിഷ്ണു ഷാജി സെക്രട്ടറിയുമായി കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. രണ്ടു മാസം മുമ്പു നിലവില്‍ വന്നതാണ് കമ്മിറ്റി. മേല്‍ഘടകവുമായി ആലോചിക്കാതെയാണ് ജില്ലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസ് മാര്‍ച്ച് നടത്തിയതെന്നു സംസ്ഥാന നേതൃത്വം നേരത്തേ അവകാശപ്പെട്ടിരുന്നു. എംപി ഓഫീസ് മാര്‍ച്ചും അക്രമവും സംബന്ധിച്ചു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്കു ജില്ലയില്‍ എസ്എഫ്‌ഐയുടെ ചുമതല നല്‍കിയിട്ടുണ്ട്.
എംപി ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പെണ്‍കുട്ടികളടക്കം 29 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഓഫീസ് ആക്രമിച്ചത് കുട്ടികളായതിനാല്‍ പരിഭവം ഇല്ലെന്നു കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ രാഹുല്‍ഗാന്ധി എംപി പ്രസ്താവിച്ചിരുന്നു. എംപി ഓഫീസ് അക്രമവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം നടന്നുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles