ഗാന്ധിചിത്രം തകര്‍ത്ത സംഭവം: ഡി.സി.സി നേതൃത്വം മറുപടി പറയണമെന്ന് സി.കെ ശശീന്ദ്രന്‍

കല്‍പറ്റ: രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി രാഷ്ട്രപിതാവിന്റെ ചിത്രം തകര്‍ത്തതിന് വയനാട്ടിലെ ഡി.സി.സി നേതൃത്വം മറുപടി പറയണമെന്ന് സി.പി.എം സംസ്ഥാന കമ്മറ്റിയംഗവും എല്‍ ഡി. എഫ് വയനാട് ജില്ലാ കണ്‍വീനറുമായ സി.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. എസ്.എഫ്‌ക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണം. മഹാത്മാ ഗാന്ധി രാഷ്ട്രപിതാവാണെന്ന് മറന്നത് എസ്.എഫ്.ഐയല്ല കോണ്‍ഗ്രസുകാരാണ്. എസ്.എഫ്.ഐ ഗാന്ധി ചിത്രം തകര്‍ത്തില്ലെന്ന് വസ്തുതാപരമായ തെളിഞ്ഞ സ്ഥിതിക്ക് കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധി എം.പിയുമുള്‍പ്പടെ സംഭവത്തില്‍ മറുപടി പറയണമെന്നും സി.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം തന്നെയാണെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രതികരണം.
ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ അല്ലെന്ന തരത്തിലാണ് പൊലീസ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐക്കാര്‍ ഇറങ്ങിപ്പോയ ശേഷം വീണ്ടും ഇവരെത്തിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വയനാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിക്കും നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് എസ്.എഫ്.ഐക്കാര്‍ക്ക് ഗാന്ധി ചിത്രം തകര്‍ത്തതില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുമുണ്ട്. അക്രമം കഴിഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോയ ശേഷം 4 മണിക്ക് പൊലീസ് ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രത്തില്‍ ഗാന്ധിയുടെ ചിത്രം ചുമരിലും ഫയലുകള്‍ മേശപ്പുറത്തും ഇരിക്കുന്നത് വ്യക്തമാണ്. ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്ത ശേഷം താഴേയ്ക്കിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. വീണ്ടും 4.30ന് ഫോട്ടോഗ്രാഫര്‍ മുകളിലെത്തി എടുത്ത ചിത്രങ്ങളില്‍ ഓഫീസില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നില്‍ക്കുന്നതും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നത് കാണാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles