നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തില്‍ ശ്രദ്ധേയനായി പ്രസീദ്കുമാര്‍

പുത്തൂര്‍വയലില്‍ ആരംഭിച്ച വയനാട് വിത്തുത്സവത്തിലെ നെല്‍വിത്തിന പ്രദര്‍ശന സ്റ്റാളില്‍ പ്രസീദ്കുമാറും സഹോദരി ലളിതയും.

കല്‍പറ്റ-പാരമ്പര്യ വിഭാഗത്തില്‍പ്പെട്ടതടക്കം നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനാകുകയാണ് ബത്തേരി ചുങ്കം തയ്യില്‍ പ്രസീദ്കുമാര്‍. 250 ഇനം നെല്‍വിത്തുകളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തില്‍. ഇവയുടെ പ്രദര്‍ശനം പൂത്തൂര്‍വയലില്‍ ആരംഭിച്ച വയനാട് വിത്തുത്സവത്തില്‍ നടത്തുന്നുണ്ട്.
ബത്തേരി നമ്പിക്കൊല്ലി പണയമ്പത്ത് 10 ഏക്കറില്‍ പ്രസീദ്കുമാറിനു നെല്‍കൃഷിയുണ്ട്. ഓരോ നെല്ലിനവും പ്രത്യേകം കൃഷി ചെയ്താണ് സംരക്ഷിക്കുന്നത്. മുത്തച്ഛന്റെ കാലം മുതല്‍ വിവിധയിനം നെല്ലുകള്‍ കൃഷി ചെയ്യുകയും വിത്ത് ആവശ്യക്കാര്‍ക്കു നല്‍കുകയും ചെയ്യാറുണ്ടെന്നു പ്രസീദ്കുമാറും സഹോദരി ലളിതയും പറഞ്ഞു. നെല്ലിനങ്ങള്‍ രാജ്യത്ത് എവിടെയും എത്തിക്കാന്‍ പ്രസീദ്കുമാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വീട്ടില്‍ നെല്‍വിത്ത് മ്യൂസിയം സജ്ജമാക്കാനുള്ള തീരുമാനത്തിലാണ് പ്രസീദ്കുമാര്‍. നെല്ലിനങ്ങള്‍ അന്വേഷിച്ചെത്തുന്നവര്‍ക്ക് ഓരോന്നിന്റെയും ഔഷധഗുണം, കൃഷി രീതികള്‍, പരിപാലനം തുടങ്ങിയവ വിവരങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണ് മ്യൂസിയം ഒരുക്കുന്നത്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ 2021ലെ ഹരിത വ്യക്തി പുരസ്‌കാര ജേതാവാണ് പ്രസീദ്കുമാര്‍. ജീനോം സേവ്യര്‍ പുരസ്‌കാരത്തിനുള്ള പരിഗണനാപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഭാര്യ വിശ്വപ്രിയയും ആകൃഷിമ, ആത്മിക എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

Leave a Reply

Your email address will not be published.

Social profiles