ഒമ്പതു ലക്ഷം തട്ടിയെടുക്കുന്നതിനു ഒത്തുകളി:
മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

കല്‍പറ്റ-മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പരിശോധനക്കിടെ ബംഗളൂരു-കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസിലെ രണ്ടു യാത്രക്കാരില്‍നില്‍നിന്നും കണ്ടെടുത്ത ഒമ്പതു ലക്ഷം രൂപ തട്ടിയെടുക്കുന്നതിനു ഒത്തുകളിച്ച മൂന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ മാര്‍ച്ച് 16നു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ പ്രിവന്റീവ് ഓഫീസറായിരുന്ന പി.എ.പ്രകാശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ.മന്‍സൂറലി, എം.സി.സനൂപ് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. പിടിച്ചെടുത്ത പണം നടപടിക്രമങ്ങള്‍ പാലിക്കാതെ കൈവശം വെച്ചതിനു മൂവരെയും കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍. എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റുമാണ് പ്രകാശന്‍.
മാര്‍ച്ച് 13നു പുലര്‍ച്ചെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്കു ആധാരമായ സംഭവം. വാഹനം പരിശോധിച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍ മന്‍സൂര്‍ അലിയാണ് യാത്രക്കാര്‍ രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെടുത്തത്. ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്താതെയും നിയമാനുസൃതമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാതെയും പണം മന്‍സൂര്‍ അലി കൈവശപ്പെടുത്തി. ഈ വിവരം പ്രകാശിനും സനൂപിനും അറിയാമായിരുന്നു. ബസില്‍ പരിശോധന നടക്കുന്ന സമയം എക്‌സൈസ് ഇന്‍സ്‌പെക്ടറോ മറ്റുദ്യോഗസ്ഥരോ ചെക്‌പോസ്റ്റ് ചുമതലയില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായിരുന്നു ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
13നു ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ ഉടമസ്ഥര്‍ രേഖകള്‍ സഹിതം മുത്തങ്ങയിലെത്തി ചെക്‌പോസ്റ്റ് ചുമതലയില്‍ ഉണ്ടായിരുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രജിത്തിനോടു പണം തിരികെ ആവശ്യപ്പെട്ടു. അപ്പോഴാണ് പണം പിടിച്ചെടുത്ത വിവരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിഞ്ഞത്. ഇതേത്തുടര്‍ന്നു ബന്ധപ്പെട്ടപ്പോള്‍ പണം കണ്ടെടുത്തിട്ടില്ലെന്നാണ് മന്‍സൂര്‍ അലി അറിയിച്ചത്. എന്നാല്‍ ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു പേരും സത്യാവസ്ഥ വെളിപ്പെടുത്തി. വൈകാതെ ചെക്‌പോസ്റ്റില്‍ എത്തിച്ച പണം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തിയാണ് ഉടമസ്ഥര്‍ക്കു നല്‍കിയത്. ഇതു വിവാദമായ പശ്ചാത്തലത്തിലാണ് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ മേലധികാരിക്കു റിപ്പോര്‍ട്ട് നല്‍കിയത്.
യാത്രക്കാരില്‍നിന്നു പിടിച്ചെടുത്ത പണം കൈക്കലാക്കണമെന്ന വിചാരത്തോടെ മന്‍സൂര്‍ അലി പെരുമാറിയതും മറ്റു ഉദ്യോഗസ്ഥര്‍ കൂടെ ചേര്‍ന്നതും ഗുരുതരമായ കൃത്യവിലോപമായി കണ്ട് നടപടി സ്വീകരിക്കേണ്ടത് വകുപ്പിന്റ് സല്‍പേരിനു ആവശ്യമാണെന്നു ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മന്‍സൂര്‍ അലിക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡിവൈ.എസ്.പിയും സംഘവും എക്‌സൈസ് ചെക്‌പോസ്റ്റില്‍ പരിശോധന നടത്തുകയുമുണ്ടായി. ഇതേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles