വയനാടിന് പ്രതീക്ഷയായി കിടാരി പാര്‍ക്ക്

രണ്ടുമാസത്തിനിടെ കര്‍ഷകര്‍ക്കായി 43 കിടാരികള്‍

കല്‍പറ്റ: വയനാട്ടിലെ ക്ഷീരോത്പാദന മേഖലയ്ക്ക് മുതല്‍ക്കൂട്ടായി പുല്‍പ്പള്ളിയില്‍ ക്ഷീരവികസന വകുപ്പ് അനുവദിച്ച ഏക കിടാരി പാര്‍ക്ക് പ്രതീക്ഷയാകുന്നു. ജില്ലയിലെ ഏക കിടാരി പാര്‍ക്കില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനുളളില്‍ 43 കിടാരികളെയാണ് ക്ഷീര കര്‍ഷകര്‍ക്കായി നല്‍കിയത്. പുല്‍പ്പള്ളി ക്ഷീരോല്‍പാദന സഹകരണ സംഘമാണ് കിടാരി പാര്‍ക്ക് നോക്കി നടത്തുന്നത്.
ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള പശുക്കളെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിടാരി പാര്‍ക്ക് തുടങ്ങിയത്. സംസ്ഥാനത്തെ നാലാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ കിടാരി പാര്‍ക്കാണിത്. അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് കിടാരി പാര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ക്ഷീര കര്‍ഷകരും കിടാരികളെ വാങ്ങാനായി പാര്‍ക്കില്‍ എത്തുന്നുണ്ട്. നിലവില്‍ എച്ച്.എഫ് ഇനത്തില്‍പ്പെട്ട കിടാരികളാണ് പാര്‍ക്കില്‍ കൂടുതലായുള്ളത്. പാര്‍ക്കിന്റെ നടത്തിപ്പിനായി ക്ഷീര വികസന വകുപ്പ് 15 ലക്ഷം രൂപ സബ്‌സിഡി ക്ഷീര സംഘത്തിന് അനുവദിച്ചിട്ടുണ്ട്.
വായ്പ സൗകര്യത്തോടെ ക്ഷീര കര്‍ഷകര്‍ക്ക് കിടാരികളെ വാങ്ങുന്നതിന് പുല്‍പ്പള്ളി ക്ഷീര സഹകരണ സംഘം എസ്.ബി.ഐ യുമായി സഹകരിച്ച് ലോണ്‍ മേളയും നടത്തുന്നുണ്ട്. ജൂലൈ 16 ന് ക്ഷീര സംഘം ഓഫീസ് പരിസരത്ത് ലോണ്‍ മേള നടക്കും. പ്രായമനുസരിച്ച് 15,000 രൂപ മുതലാണ് കിടാരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്. തമിഴ്നാട് കൃഷ്ണഗിരിയില്‍ നിന്നാണ് കിടാരികളെ പാര്‍ക്കിലേക്ക് എത്തിക്കുന്നത്. 3 ബാച്ചുകളിലായി ഇതുവരെ 77 കിടാരികളെ പാര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കിടാരികളുടെ ആരോഗ്യ നില നിരന്തരം പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സൗകര്യം പാര്‍ക്കിലുണ്ട്. കിടാരി പാര്‍ക്കിനെ കൂടുതല്‍ ക്ഷീര കര്‍ഷക സൗഹൃദമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles