വയനാടന്‍ കാടുകളിലെ എകവിളത്തോട്ടങ്ങള്‍ ഒഴിവാക്കുക അത്ര എളുപ്പമല്ല

കല്‍പറ്റ: നൈസര്‍ഗിക വനത്തിന്റെ വീണ്ടെടുപ്പിനു വനം-വന്യജീവി വകുപ്പ് സമര്‍പ്പിച്ച നയരേഖ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായെങ്കിലും വയനാടന്‍ കാടുകള്‍ ഏകവിളത്തോട്ടമുക്തമാക്കുക എളുപ്പമല്ലെന്നു വിലയിരുത്തല്‍. സൗത്ത് വയനാട്, നോര്‍ത്ത് വയനാട് വനം ഡിവിഷനുകളിലെ തേക്കുതോട്ടങ്ങള്‍ അപ്പാടെ മുറിച്ചുമാറ്റാന്‍ ഇടയില്ലെന്നു സൂചന നല്‍കുന്നതാണ് നയരേഖയെന്നു പരിസ്ഥിതി രംഗത്തുള്ളവര്‍ പറയുന്നു.
തീര്‍ത്തും പരാജയപ്പെട്ടതും വളര്‍ച്ച മുരടിച്ചതിനും പുറമേ വന്യജീവികളുടെ വഴിത്താരകളിലും പ്രകൃതിദുരന്ത സാധ്യതാപ്രദേശങ്ങളിലും നദീതടങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തേക്കു തോട്ടങ്ങള്‍ മണ്ണ്-ജല സംരക്ഷണം ലക്ഷ്യമാക്കി സ്വാഭാവിക വനങ്ങളാക്കി മാറ്റുമെന്നാണ് നയരേഖയില്‍ വ്യക്തമാക്കുന്നത്. പരാജയപ്പെട്ടതും വളര്‍ച്ച മുരടിച്ചതുമായ തേക്കുതോട്ടങ്ങള്‍ ജില്ലയില്‍ കാര്യമായില്ല. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ തിരുനെല്ലി അപ്പപ്പാറ, ബേഗൂര്‍, ബാവലി പ്രദേശങ്ങളിലാണ് ഈ ഗണത്തില്‍പ്പെട്ട തേക്കുതോട്ടം കുറച്ചെങ്കിലും ഉള്ളത്. തെക്കേ വയനാട് വനം ഡിവിഷനില്‍ പരാജയപ്പെട്ട തേക്കുതോട്ടങ്ങള്‍ നാമമാത്രമാണ്. രണ്ടു ഡിവിഷനുകളിലും വന്യജീവികളുടെ വഴിത്താരകളിലും തേക്കുതോട്ടങ്ങള്‍ കുറവാണ്. വന്യജീവി സങ്കേതത്തിലെ ഏകവിള തോട്ടങ്ങള്‍ ഒഴിവാക്കുന്നതു സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ലളിതമല്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടാതെ വന്യജീവി സങ്കേതത്തിലെ നട്ടുപിടിപ്പിച്ചതടക്കം മരങ്ങള്‍ മുറിക്കാനാകില്ല. ഹെക്ടര്‍ കണക്കിനു യൂക്കാലിപ്ട്‌സ് തോട്ടവും ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം.
വ്യാവസായിക വികസത്തിനുവേണ്ടി 1950 മുതല്‍ 1980കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയതാണ് ഏകവിളത്തോട്ടങ്ങള്‍. ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ വര്‍ധിച്ച വന്യജീവി ശല്യത്തിനും വേനലിലെ ജലക്ഷാമത്തിനും പ്രധാന കാരണമായി പറയുന്നത് കാട്ടിലെ ഏകവിള തോട്ടങ്ങളുടെ ആധിക്യമാണ്. ജില്ലയില്‍ സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലായി 200 ചതുരശ്ര കിലോമീറ്ററോളം തേക്ക്, യൂക്കാലിപ്ട്‌സ്, കാറ്റാടി തോട്ടങ്ങളുണ്ട്. 344.4 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ മാത്രം 101.48 ചതുരശ്ര കിലോമീറ്റര്‍ ഏകവിളത്തോട്ടമാണ്. ഏകദേശം 27,000 ഹെക്ടര്‍ വിദേശ-ഏകവിളത്തോട്ടങ്ങളും 90,000 ഹെക്ടര്‍ തേക്കുതോട്ടങ്ങളുമാണ് കേരളത്തില്‍. തേക്കുതോട്ടങ്ങളില്‍ ഏറെയും വയനാട്ടിലാണ്.
ദേശീയ വന്യജീവി ബോര്‍ഡ് അനുവദിച്ചാല്‍ വന്യജീവി സങ്കേതങ്ങളില്‍ തേക്ക്, യൂക്കാലി മുറിക്കും സ്വാഭാവിക വനവത്കരണത്തിനും വഴിയൊരുങ്ങുമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ പറഞ്ഞു. വന്യജീവി സങ്കേതത്തിലെ ഏകവിളത്തോട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള കത്ത്
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍യോടെ സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ പരിഗണനയ്ക്കാണ് ആദ്യം വിടേണ്ടത്. സംസ്ഥാന ബോര്‍ഡിന്റെ ശിപാര്‍ശ സഹിതമാണ് ദേശീയ വന്യജീവി ബോര്‍ഡിനു അപേക്ഷ നല്‍കേണ്ടത്.
ജൈവ വൈവിധ്യത്തിന് ഭീഷണിയായ മൈക്കിനിയ, സെന്ന, ആവാസ വ്യവസ്ഥയ്ക്കു യോജ്യമല്ലാത്ത മറ്റു സസ്യ ഇനങ്ങള്‍ എന്നിവയെ വനമേഖലയില്‍നിന്നു ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നയരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകവിളത്തോട്ടങ്ങളും സെന്ന(മഞ്ഞക്കൊന്ന) ഉള്‍പ്പെടെ അധിനിവേശ സസ്യങ്ങളും വനത്തില്‍നിന്നു ഒഴിവായാല്‍ ജില്ലയിലെ പരിസ്ഥിതി തകര്‍ച്ചയ്ക്കു ഒരളവോളം പരിഹാരമാകുമെന്നു അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles