ആഫ്രിക്കന്‍ പന്നിപ്പനി: കൊല്ലേണ്ടതു അറുനൂറോളം പന്നികളെ

കല്‍പറ്റ: വയനാട്ടില്‍ മാനന്തവാടിക്കടുത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ പരധിയിലായി കൊല്ലേണ്ടതു അറുനൂറോളം വളര്‍ത്തുപന്നികളെ. മണ്ണുത്തിയില്‍നിന്നു സ്റ്റണ്ണര്‍ എത്തിക്കുന്നതിനു പിന്നാലെ പന്നികളെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു കൊന്നു കുഴിച്ചുമൂടും. സ്റ്റണ്ണര്‍ ഉപയോഗിച്ചു ബോധം കെടുത്തിയശേഷമാണ് പന്നികളെ കൊല്ലുന്നത്.
മാനന്തവാടി നഗരസഭയിലെ മുപ്പത്തിമൂന്നാം വാര്‍ഡിലെയും തവിഞ്ഞാല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെയും പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനിയുടെ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബോറോട്ടറിയിലെ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിനു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. രോഗപ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കിയിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണമേഖലയാണ്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്നുള്ള പന്നിമാസം വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. ഇവിടെനിന്നു പന്നികളെ മറ്റിടങ്ങളിലേക്കു കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രോഗം സ്ഥീരീകരിച്ച തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗ സംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles