പന്നി, പന്നിമാംസ കടത്ത് തടയണം: ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍

കല്‍പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു വയനാട്ടിലേക്കുള്ള പന്നി, പന്നിമാംസ കടത്ത് കര്‍ശനമായും തടയണമെന്നു ലൈവ്‌സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്.രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എം.വി.വിന്‍സന്‍, സെക്രട്ടറി കെ.എഫ്.ചെറിയാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ വന്നതിനുശേഷവും ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പന്നിമാംസ വിതരണം നടന്നു. ആന്ധ്രപ്രദേശില്‍നിന്നടക്കം കൊണ്ടുവരുന്ന പന്നികളെ ജില്ലാ അതിര്‍ത്തിക്കപ്പുറം ഷെഡ്ഡുകളില്‍ സൂക്ഷിക്കുന്നുണ്ട്. ഇവയെ ജീവനോടെയും കൊന്നു മാംസമാക്കിയും ജില്ലയില്‍ എത്തിക്കുന്നുണ്ട്. ഇതിനു തടയിടണം.
മാനന്തവാടിക്കടുത്ത് സ്ഥിരീകരിച്ചതായി പറയുന്ന ആഫ്രിക്കന്‍ പന്നിപ്പനിയുടെ പേരില്‍ ജില്ലയിലെ പന്നിക്കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാകുന്നതു ഒഴിവാക്കുന്നതില്‍ ജില്ലാ ഭരണകൂടം ജാഗ്രത പുലര്‍ത്തണം. ജില്ലയില്‍ 500 ഓളം പന്നി ഫാമുകളുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫാമുകളിലേക്കു മറ്റിടങ്ങളില്‍നിന്നു വാഹനങ്ങളില്‍ തീറ്റ എത്തിക്കുന്നതിനു പ്രയാസം സൃഷ്ടിക്കുകയാണ്. പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയ്ക്കു പുറത്തു നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. വൈറസ് സ്ഥിരീകരിച്ച ഫാമിലെ പന്നികളെ പട്ടിണിയിട്ടു കൊല്ലരുതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles