കർക്കടകവാവ് ബലിക്ക് തിരുനെല്ലി ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ

മാനന്തവാടി: കേരളത്തിൽ നിന്നു മാത്രമല്ല ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ഏറ്റവും കൂടുതൽ വിശ്വാസികൾ ദിനംപ്രതി എത്തിച്ചേരുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. കർക്കടകവാവിന് പതിനായിരക്കണക്കിന് ആളുകളാണ് ബലികർമ്മം നടത്തുവാൻ ഈ ക്ഷേത്രത്തിൽ എത്തിചേരുന്നത്.ജൂലൈ 28 ന് പുലർച്ചെ മൂന്ന് മണിയോടെ ബലിതർപ്പണ ചടങ്ങുകൾ നടക്കും. ഈ വർഷത്തെ കർക്കടകവാവിന് ഭക്തജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി വിപുലമായ ട്രാഫിക് സംവിധാനങ്ങളാണ് സബ് കലക്റ്ററുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളും, ശ്രീ തിരുനെല്ലി ക്ഷേത്രം ട്രസ്റ്റി, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. എല്ലാ സ്വകാര്യ വാഹന ങ്ങളും, ടാക്സി വാഹനങ്ങളും കാട്ടിക്കുളത്ത് പാർക്ക് ചെയ്യണം, കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെ കെ.എസ്.ആർ.ടി.സി. ബസ്സ് ചെയിൻ സർവ്വീസ് നടത്തും. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിസാധന വിതരണത്തിന് പാപനാശിനിയിൽ പ്രത്യേക കൗണ്ടറും, ബലിതർപ്പണ ചടങ്ങുകൾ ചെയ്യിക്കുന്നതിന് കൂടുതൽ കർമ്മികളെയും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് അത്താഴവും, പ്രഭാത ഭക്ഷണവും ഈ ദിവസങ്ങളിൽ ദേവസ്വം സൗജന്യമായി നൽകും. ബലി കർമ്മങ്ങൾ പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചക്ക് രണ്ടു മണിവരെ ഉണ്ടായിരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ അറിയിച്ചു. ക്ഷേത്രം മാനേജർ പി.കെ. പ്രേമചന്ദ്രൻ, ജീവനക്കാരുടെ പ്രതിനിധി ടി. സന്തോഷ് കുമാർ, ചുറ്റമ്പലം നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട് പി.കെ. വാസുദേവൻ ഉണ്ണി, എം. പത്മനാഭൻ എന്നിവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles