ഡബ്ല്യുസിഎസ് പട്ടയഭൂമിയില്‍ കെട്ടിട നിര്‍മാണത്തിനു
അനുമതി നല്‍കാന്‍ നെന്‍മേനി പഞ്ചായത്ത് ഭരണസമിതി തീരുമാനം

കല്‍പറ്റ: നെന്‍മേനി പഞ്ചായത്തില്‍ വയനാട് കോളനൈസേഷന്‍ സ്‌കീം
(ഡബ്ല്യുസിഎസ്) പട്ടയഭൂമികളില്‍ കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷകളില്‍ അനൂകൂല തീരുമാനമെടുക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗമാണ് നിര്‍മാണത്തിനു അനുമതി നല്‍കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്റെ വിയോജിപ്പോടെയായിരുന്നു ഇത്.
എല്‍എ പട്ടയഭൂമികളില്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുള്ള നിര്‍മാണം വിലക്കി ഹൈക്കോടതി ഉത്തരവായിരുന്നു. ഈ ഉത്തരവ് ഡബ്ല്യുസിഎസ് പട്ടയങ്ങള്‍ക്കു ബാധകമല്ലെന്ന് ഹൈക്കോടതി രണ്ടു തവണ വ്യക്തമാക്കിയിരുന്നു. എന്നിട്ടും നിര്‍മാണാനുമതി നല്‍കുന്നതിനു ഉദ്യോഗസ്ഥര്‍ എതിരുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഭരണസമിതി അടിയന്തര യോഗം ചേര്‍ന്നു സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഡബ്ല്യുസിഎസ് പട്ടയം ഉടമകളില്‍ രണ്ടു പേര്‍ക്കു നിര്‍മാണ അനുമതി നല്‍കി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പഞ്ചായത്തിലെ മുഴുവന്‍ അപേക്ഷകള്‍ക്കു ബാധകമാണെന്നു ഭരണസമിതി വിലയിരുത്തി. രണ്ടു പേര്‍ക്കു നിര്‍മാണ അനുമതി നല്‍കി കോടതി ഉത്തരവുണ്ടായതിനെത്തുടര്‍ന്നു തുടര്‍ നടപടികളില്‍ വ്യക്തതയ്ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ഒരു മാസം മുമ്പ് പഞ്ചായത്ത് കത്ത് നല്‍കിയിരുന്നു. ഇതിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഭരണസമിതിയുടെ അടിയന്തര യോഗം. കോടതി നിര്‍ദേശിച്ച ആളുകള്‍ക്ക് മാത്രമേ നിര്‍മാണ അനുമതി നല്‍കാനാവൂ എന്നും മറ്റു അപേക്ഷകളില്‍ അനുമതി നിഷേധിക്കുന്ന ഉത്തരവ് നിലനില്‍ക്കുന്നുവെന്നുമാണ് സെക്രട്ടറിക്കു വേണ്ടി യോഗത്തില്‍ പങ്കെടുത്ത അസിസ്റ്റന്റ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞത്. ഭരണസമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, അംഗങ്ങളായ വി.ടി. ബേബി, ഷാജി കോട്ടയില്‍, കെ.വി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles