വന്യമൃഗപ്പെരുപ്പം നിയന്ത്രിക്കണം: കിസാന്‍ സഭ

കല്‍പ്പറ്റ: വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജനജീവിതം അസാധ്യമാക്കുംവിധത്തിലുള്ള വന്യമൃഗപ്പെരുപ്പം നിയന്ത്രിക്കണമെന്നു അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യജീവികള്‍ കാടിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും വരുത്തുന്ന നാശം ലഘൂകരിക്കുന്നതിനു നടപടികള്‍ ആവശ്യപ്പെട്ടു ഓഗസ്റ്റ് ഒന്നിനു സന്ധ്യക്കു പഞ്ചായത്ത് കേന്ദ്രങ്ങള്‍ പന്തംകൊളുത്തി പ്രകടനവും ഒമ്പതിനു കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി വനം ഡിവിഷന്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കുമെന്നു അവര്‍ അറിയിച്ചു.
കടുവ, ആന, പന്നി, മാന്‍, മയില്‍, കുരങ്ങ് എന്നിവ വനത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം പെരുകിയിരിക്കയാണ്. 868 ചതുരശ്ര കിലോമീറ്റര്‍ മാത്രം വന വിസ്തൃതിയുള്ള വയനാട്ടില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ചു 140 കടുവകളുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു പേര്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചു. ബന്ദിപ്പുര, നാഗര്‍ഹോള, മുതുമല കടുവ സങ്കേതങ്ങളുമായി അതിരിടുന്ന ജില്ലയിലെ കാടുകളില്‍ ആനകള്‍ നൂറുകണക്കിനാണ്. പകല്‍ പോലും കാട്ടാനകള്‍ നാട്ടില്‍ വിഹരിക്കുന്നു. വനത്തിന്റെ വാഹകശേഷിക്കു അപ്പുറമാണ് മാന്‍, പന്നി തുടങ്ങിയവയുടെ എണ്ണം. ഈ സാഹചര്യത്തില്‍ വന്യമൃഗപ്പെരുപ്പം നിയന്ത്രിക്കുന്നതിനു ശാസ്ത്രീയ നടപടികള്‍ അത്യാവശ്യമാണ്.
വന വിസ്തൃതി വര്‍ധിപ്പിക്കുന്നതും കാട്ടില്‍ ഭക്ഷണ, ജല ലഭ്യത ഉറപ്പുവരുത്തുന്നതും വന്യജീവി ശല്യത്തിന്റെ ലഘൂകരണത്തിനു ഉതകും. വനം എന്ന പേരില്‍ സംരക്ഷിക്കപ്പെടുന്ന ഏകവിളത്തോട്ടങ്ങള്‍ നൈസര്‍ഗിക വനമായി മാറ്റണം. വന്‍കിട തോട്ടം മാനേജ്‌മെന്റുകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമി പിടിച്ചെടുത്ത് വനവത്കരണം നടത്തണം. വന്യജീവി സങ്കേതത്തിലെ ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കി മാറ്റുന്നതിനുള്ള തടസം നിയമ നിര്‍മാണത്തിലൂടെ നീക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ ഇടപെടുന്നതിനു കിസാന്‍ സഭ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. നിയമാനുസൃതം വെടിവച്ചു കൊല്ലുന്ന കാട്ടുപന്നികളുടെ മാസം ഭക്ഷ്യയോഗ്യമാണെന്നിരിക്കെ നശിപ്പിക്കുന്നതിനു പകരം ലേലത്തില്‍ വില്‍ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു അധികാരം നല്‍കണമെന്നും കിസാന്‍സഭ നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഡോ.അമ്പി ചിറയില്‍, വൈസ് പ്രസിഡന്റുമാരായ ജി.എം. ബാബു, കെ.പി. രാജന്‍, വൈത്തിരി താലൂക്ക് പ്രസിഡന്റ് ജി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles