വയനാട്ടില്‍ റെഡ് അലര്‍ട്ട്; ആഗസ്റ്റ് മൂന്നിനും നാലിനും അതിതീവ്രമഴ

കല്‍പറ്റ: വയനാട് ജില്ലയില്‍ ആഗസ്റ്റ് മൂന്നിനും നാലിനും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ടാണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുളളത്. അതിതീവ്രമായ മഴ ലഭിക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു.
അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും മണ്ണെടുക്കല്‍ ഖനനത്തിനും വിലക്കുണ്ട്. മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, വൈദ്യുതി വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ക്കും ജില്ലാ ഭരണകൂടം പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിട്ടുണ്ട്. ജില്ലാ, താലൂക്ക് തലങ്ങള്‍ക്ക് പുറമെ പഞ്ചായത്ത്തലത്തിലും പ്രത്യേകം കണ്‍ട്രോള്‍ റുമുകള്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
വനമേഖലയോട് ചേര്‍ന്ന് കൂടുതല്‍ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കും. ഒറ്റപ്പെടാന്‍ സാധ്യതയുള്ള കോളനികളില്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളും മറ്റ് സഹായങ്ങളും സുരക്ഷയും ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നവര്‍ക്ക് ആവശ്യമായ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോടും മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികളോടും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ക്കണ്ട് തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്കിലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയാറെടുപ്പുകളും പൂര്‍ത്തീകരിക്കണം.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാകണം.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും പുഴകള്‍ മുറിച്ചു കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles