വയനാട്ടില്‍ ‘ക്ലൈമറ്റ് സ്മാര്‍ട് കോഫി’ പദ്ധതി വരുന്നു

കല്‍പറ്റ: വയനാടന്‍ കാപ്പി കാര്‍ബന്‍ ന്യൂട്രല്‍ മാനദണ്ഡം അനുസരിച്ചു ഉത്പന്നമാക്കി വിപണിയില്‍ എത്തിക്കുന്നതിനു ‘ക്ലൈമറ്റ് സ്മാര്‍ട് കോഫി’ പദ്ധതി നടപ്പിലാക്കുന്നു. കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍(കെഡിസ്‌ക്), കോഫി ബോര്‍ഡ്, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, കേരള കാര്‍ഷിക സര്‍വകലാശാല, എം.എസ്.സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം, വിദേശ സര്‍വകലാശാലകള്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ ഒരോ പ്രദേശത്തെയും കാലാവസ്ഥയ്ക്കു അനുസൃതമായി ആഗോള മാനദണ്ഡങ്ങള്‍ക്ക് വിധേയമായുള്ള ഉത്പാദനം ഉറപ്പാക്കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. ഇതിന്റെ ഭാഗമായി ഡോ.എം.എസ്.സ്വാമിനാഥന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ നയരൂപീകരണ ശില്‍പശാല നടത്തി. കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ജനപ്രതിനിധികള്‍, പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങള്‍, കാര്‍ഷിക ഉപ്തന്ന വിപണന മേഖല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിപണി കീഴടക്കാന്‍ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തണമെന്ന് നെതര്‍ലന്‍ഡിലെ ഗ്രോണിംഗന്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ.പി.വി.അരവിന്ദ് പറഞ്ഞു. പ്രകൃതിദത്ത കാപ്പിയെന്ന നിലയില്‍ ഉത്പന്നത്തിന്റെ മൂല്യം ഉയര്‍ത്തണം. ഇതിനു പുതിയ ഉത്പാദന, വിപണന രീതികള്‍ നടപ്പിലാക്കണമെന്നു അദ്ദേഹം പറഞ്ഞു.
കാപ്പിത്തോട്ടങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന മരങ്ങളുടെ ചോലയില്‍ വളരുന്ന കാപ്പി എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് വയനാടന്‍ കാപ്പിക്ക് വലിയ അംഗീകാരമാകുമെന്ന് കേരള പ്ലാനിംഗ് ബോര്‍ഡംഗം ജിജു പി.അലക്‌സ് പറഞ്ഞു. ഗവേഷണം, പരസ്പര സഹകരണം, ഉത്പാദനശൃംഖല വിപുലീകരണം, സഹായധന സ്രോതസുകള്‍ കണ്ടെത്തല്‍, കര്‍ഷകര്‍ക്കുള്ള പരിശീലനം, വിവരശേഖരണം, ഉത്പാദനത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം അന്തരാഷ്ട്ര വിപണി കീഴടക്കുന്നതില്‍ പ്രധാനമാമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്യന്തികമായി കര്‍ഷകരുടെ ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യമെന്നു കെ ഡിസ്‌ക് സെക്രട്ടറി പി.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles