കുറിച്യര്‍മലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിര്‍ദേശം

കല്‍പറ്റ: വൈത്തിരി താലൂക്കിലെ കുറിച്യര്‍മല മേല്‍മുറിയില്‍ കുന്നിന്‍മുകളിലുളള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കാന്‍ വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന് നിര്‍ദേശം നല്‍കി. പ്രദേശത്തെ നീര്‍ച്ചാലിന്റെ ആഴം കൂട്ടി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു നടപടികള്‍ സ്വീകരിക്കാനാണ് സൗത്ത് വയനാട് ഡി.എഫ്.ഒയ്ക്കു നിര്‍ദേശം നല്‍കിയത്. 2018ല്‍ ഉരുള്‍പൊട്ടിയ സ്ഥലമാണ് കുറിച്യര്‍മല. പ്രദേശവാസികളുടെ ആശങ്കയെത്തുടര്‍ന്ന് ജിയോളജിസ്റ്റ്, വൈത്തിരി തഹസില്‍ദാര്‍, പൊഴുതന പഞ്ചായത്ത് സെക്രട്ടറി, വനം ഉദ്യോഗസ്ഥര്‍, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിര്‍ച്ചാലിന് ആഴം കൂട്ടി മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാമെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നീര്‍ച്ചാലില്‍ ഒഴുക്ക് തടസപ്പെടുത്തുന്ന വസ്തുക്കളില്ലെന്നും അപകടകരമായ വിധത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്നും നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ കലക്ടര്‍ വനം വകുപ്പിനോടു ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കിയിരുന്നു.
അതിനിടെ, മൂന്ന്, നാല് തീയതികളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ മുന്നൊരുക്കം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കു ജില്ലാ ഭരണകൂടം അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles