പത്ത് കിലോമീറ്റര്‍ നടത്തം: വയനാട് സ്വദേശിക്കു ഗിന്നസ് സര്‍ട്ടിഫിക്കറ്റും മെഡലും

ബാബു നമ്പുടാകം.

കല്‍പറ്റ: 10 കിലോമീറ്റര്‍ നടത്തം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ വയനാട് സ്വദേശിക്കു ഗിന്നസ് മെഡലും സര്‍ട്ടിഫിക്കറ്റും ലഭിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പുല്‍പള്ളി മാരപ്പന്‍മൂല നമ്പുടാകത്ത് ബാബുവിന്റേതാണ് നേട്ടം. കഴിഞ്ഞ സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ വിര്‍ച്വല്‍ റണ്ണേഴ്‌സ് സംഘടിപ്പിച്ച കൂട്ടനടത്തത്തിലാണ് ബാബു പങ്കെടുത്തത്. ഇതിനുള്ള സര്‍ട്ടിഫിക്കറ്റും മെഡലും അറുപത്തിയൊന്നുകാരനായ ബാബുവിനു കഴിഞ്ഞ ദിവസം തപാലില്‍ ലഭിച്ചു. ഇംഗണ്ടില്‍ ജോലി ചെയ്യുന്ന മകളുടെയടുത്ത് ഭാര്യാസമേതം പോയപ്പോഴാണ് കൂട്ടനടത്തത്തില്‍ പങ്കെടുക്കാന്‍ ബാബുവിനു അവസരം ലഭിച്ചത്. മരുമകന്‍ ജോണ്‍സനാണ് ഇവന്റിനെക്കുറിച്ചു ബാബുവിനെ അറിയിച്ചത്. സ്‌പോര്‍ട്‌സില്‍ തത്പരരായ ഇരുവരും പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുകയായിരുന്നു. പത്തു കിലോമീറ്റര്‍ നടത്തം ഒരു മണിക്കൂറിനകം പൂര്‍ത്തിയാക്കണമെന്നതായിരുന്നു ഇവന്റില്‍ പങ്കെടുക്കുന്നതിനു വിര്‍ച്വര്‍ റണ്ണേഴ്‌സ് വച്ച വ്യവസ്ഥകളിലൊന്ന്. ബാബുവും ജോണ്‍സനും ഇതിലും കുറഞ്ഞ സമയത്തിലാണ് നടത്തം പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടില്‍ വിവിധ ഭാഗങ്ങളിലായി നടന്ന കൂട്ടനടത്തത്തില്‍ ഒരു ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. ചെസ്റ്റ്് ഫീല്‍ഡിലാണ് ബാബുവും മരുമകനും ഇവന്റില്‍ പങ്കാളികളായത്. മൂന്നു പതിറ്റാണ്ടിലധികമായി വയനാട്ടില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ബാബു മികച്ച ബാഡ്മിന്റണ്‍ കളിക്കാരനാണ്. രാമായണത്തിലെ സീത, മാര്‍ തോമാശ്ലീഹ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles