കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ

കല്‍പറ്റ: ഒരു വര്‍ഷമായി നടന്നുവന്ന കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ (ബുധന്‍) നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1921ല്‍ പ്രവര്‍ത്തനമാരംഭിച്ച കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക് 100 പ്രവര്‍ത്തന വര്‍ഷങ്ങള്‍ പിന്നിട്ടു. 2021 ആഗസ്റ്റ് 17ന് സഹകരണവകുപ്പ് മന്ത്രി
വി.എന്‍ വാസവന്‍ ആണ് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഒരുവര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളാണ് നാളെ സമാപിക്കുന്നത്. ശതാബ്ദി ആഘോഷങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എം.പി, മുന്‍ എംപി എം.വി ശ്രേയാംസ്‌കുമാര്‍, ടി. സിദ്ദീഖ് എം.എല്‍.എ, സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, ബാങ്ക് പ്രസിഡന്റ് ടി. സുരേഷ് ചന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളായുള്ള സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍ കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ആണ്. വര്‍ക്കിംഗ് ചെയര്‍മാനായി വൈസ് പ്രസിഡന്റ് ഇ.കെ ബിജുജനും, ജനറല്‍ കണ്‍വീനറായി സെക്രട്ടറി എം.പി ജോണും പ്രവര്‍ത്തിക്കുന്നു. ടി.സുരേഷ് ചന്ദ്രന്‍ പ്രസിഡന്റായുള്ള ഒമ്പതംഗ ഭരണസമിതിയാണ് നിലവിലുള്ളത്. സ്ഥിരം ജീവനക്കാര്‍, കലക്ഷന്‍ ഏജന്റ്മാന്‍, കണ്ടിജന്‍സി ജീവനക്കാര്‍ ഉള്‍പ്പടെ 40 പേര്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. മുപ്പതിനായിരത്തിലേറെ അംഗങ്ങളുള്ള ബാങ്ക്, കഴിഞ്ഞ 46 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ഇക്കാലയളവില്‍ എ ക്ലാസ് അംഗങ്ങള്‍ക്ക് ലാഭവിഹിതവും നല്‍കി വരുന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കര്‍ഷകസംഗമം, നിക്ഷേപകസംഗമം, വ്യാപാരിസംഗമം, വനിതാസംഗമം, യുവജനസംഗമം എന്നിവ സംഘടിപ്പിച്ചു. കല്‍പറ്റ നഗരസഭയിലെ 28 വാര്‍ഡുകളിലായി 58 വനിതാ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ചു. സംഘത്തില്‍ അംഗങ്ങളായ വനിതകള്‍ക്ക് നേരിട്ടും സംഘങ്ങള്‍ക്കും വായ്പകള്‍ നല്‍കി വരുന്നു. ചിട്ടിക്ക് സമാനമായ വ്യവസ്ഥകളുള്ള ശതാബ്ദി നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു. ഒട്ടും പലിശ ഇല്ലാത്ത സ്വര്‍ണപണയ വായ്പ നിത്വനിധി നിക്ഷേപത്തിന്റെ ഉറപ്പില്‍ ബാങ്കില്‍ വരാതെ തന്നെ 25000 രൂപ വരെയുള്ള സ്പീഡ് ലോണ്‍ പദ്ധതി എന്നിവയും ആരംഭിച്ചു. പലിശ രഹിത കാര്‍ഷിക വായ്പയായി ഒരാള്‍ക്ക് പരമാവധി മൂന്നുലക്ഷം രൂപ വരെ നല്‍കുന്നുണ്ട്. ഈയിനത്തില്‍ പത്തു കോടിയിലധികം രൂപ ഇതിനകം വിതരണം ചെയ്തു. ഇടപാടുകാര്‍ക്കായി ക്യു ആര്‍ കാഷ് സംവിധാനം ഒരുക്കി. ബാങ്കിലെ അംഗങ്ങള്‍ക്കായി മൊബൈല്‍ ബാങ്കിംഗിനുള്ള സൗകര്യം ഇക്കാലയളവിലാണ് ഏര്‍പ്പെടുത്തിയത്. അംഗങ്ങള്‍ക്കായി സഹകരണ ഇ സേവ കേന്ദ്രം ബാങ്കിന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 1576 പുതിയ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ കഴിഞ്ഞു. കല്‍പറ്റ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ ശതാബ്ദി മരങ്ങള്‍ നട്ടു. ശതാബ്ദിയുടെ ഭാഗമായി നഗരസഭയിലെ ഹൈസ്‌കൂളുകളില്‍ നിന്നും എസ്എസ്എല്‍സി വിജയിച്ച നഗരസഭയിലെ താമസക്കാരായ മികച്ച ബഹുമുഖ പ്രതിഭക്കുള്ള ശതാബ്ദി എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി. പ്രത്യേക മേഖലയില്‍ സവിശേഷ മികവ് പുലര്‍ത്തുന്ന പ്രതിഭക്കുള്ള സെന്ററിനറി മെമ്മോറിയല്‍ ഓണര്‍ എല്ലാ വര്‍ഷവും നല്‍കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം കാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ക്കാണ് അവാര്‍ഡ്. ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തില്‍ നാളെ (ബുധന്‍) ഉച്ചക്ക് 2.30ന് സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മികച്ച വില നല്‍കിയും ഇടത്തട്ട് ഒഴിവാക്കിയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിച്ച് വിപണനം നടത്തുന്നതിനായി ഒരുകോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്ററിന്റെ പ്രഖ്യാപനവും നിര്‍മ്മാണ ഉദ്ഘാടനവും കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ബാങ്കിലെ മുതിര്‍ന്ന അംഗത്തെയും മുതിര്‍ന്ന ഇടപാടുകാരനെയും ചടങ്ങില്‍ ആദരിക്കും. ഇന്ന് വൈകുന്നേരം കല്‍പ്പറ്റ ടൗണില്‍ ശതാബ്ദി സമാപന വിളംബര ജാഥയും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെയം തൊടി മുജീബ്, ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ. ബിജുജന്‍, ബാങ്ക് ഡയറക്ടര്‍ പി.പി. അനിത, സെക്രട്ടറി എം.പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles