കെകെഎഎസ്എസ് പ്രതിഷേധക്കൂട്ടായ്മ നടത്തി

കലക്ടറേറ്റ് പടിക്കല്‍ കെകെഎഎസ്എസ് പ്രതിഷേധക്കൂട്ടായ്മ വിന്‍ഫാം മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേരള കര്‍ഷക അതിജീവന സംരക്ഷണ സമിതി(കെകെഎഎസ്എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി. കര്‍ഷക ദിനത്തില്‍ സമിതി സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായിരുന്നു കൂട്ടായ്മ. വിന്‍ഫാം മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.തോമസ് ജോസഫ് തേരകം ഉദ്ഘാനം ചെയ്തു.
പരിസ്ഥിതി കരുതല്‍ മേഖലയുടെ മറവില്‍ വനവിസ്ത്രിതി വര്‍ധിപ്പിക്കുന്നതു മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു വനങ്ങള്‍ക്കു താങ്ങാനാകാത്തവിധം വര്‍ധിക്കുകയാണ് മൃഗസംഖ്യ. വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യജീവിതം അസാധ്യമാകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. മൃഗസംഖ്യ നിയന്ത്രിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. ചില വിദേശരാജ്യങ്ങള്‍ ശാസ്ത്രീയ ഉന്‍മൂലനത്തിലൂടെയാണ് മൃഗപ്പെരുപ്പം നിയന്ത്രിച്ചത്. ഈ രീതി ഇന്ത്യയിലും പിന്തുടരണം. പരിസ്ഥിതി കരുതല്‍ മേഖല വിഷയത്തില്‍ സര്‍ക്കാരുകള്‍ ജനപക്ഷത്തു നില്‍ക്കണം. അന്തിമവിജ്ഞാപനം ജനസൗഹൃദമാകുമെന്നു ഉത്തരവാദപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും റവ.ഡോ.തോമസ് ജോസഫ് തേരകം ആവശ്യപ്പെട്ടു.
വയനാട് കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ അഡ്വ.ബാബു അധ്യക്ഷത വഹിച്ചു. കെ.കെ. ജേക്കബ്(സിസിഎഫ്), ജോണി പാറ്റാനി(ചേംബര്‍ ഓഫ് കൊമേഴ്‌സ്), വി. ജോര്‍ജുകുട്ടി(എകെസിസി), ലത്തീഫ്(കര്‍ഷക പുരോഗമന സമിതി) എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles