നിര്‍ത്തിയിട്ട വാഹനത്തില്‍ തമിഴുനാട് സ്വദേശി മരിച്ച നിലയില്‍

ബത്തേരി: പാട്ടവയല്‍ റോഡിലെ മുക്കുത്തിക്കുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഊട്ടി മഞ്ചൂര്‍ സ്വദേശി ഡേവിഡാണ്(46) മരിച്ചത്. മുക്കുത്തിക്കുന്നില്‍ രണ്ടു ദിവസമായി നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനള്ള മാരുതി ഓംനി വാനില്‍ പിന്നിലെ സീറ്റുകള്‍ക്കിടയില്‍ പ്ലാറ്റ്‌ഫോമില്‍ ചെരിഞ്ഞുകിടക്കുന്ന നിലയില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആള്‍താമസം കുറഞ്ഞ പ്രദേശത്തു രണ്ടുദിവസമായി വാഹനം നിര്‍ത്തിയിട്ടതുകണ്ടു പന്തികേടു തോന്നിയ പ്രദേശവാസി വാതില്‍ തുറന്നപ്പോഴാണ് ആള്‍ അനക്കമറ്റു കിടക്കുന്നതു കണ്ടത്. ഉടന്‍ നാട്ടുകാരെ വിളിച്ചുകൂട്ടിയ അദ്ദേഹം നൂല്‍പ്പുഴ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 13 മുതല്‍ ഡേവിഡിനെ കാണാനില്ലെന്നു ഭാര്യ മഞ്ചൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ സൂചന മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്‌ക്കേ മരണകാരണത്തില്‍ വ്യക്തതയാകൂവെന്നു പോലീസ് പറഞ്ഞു. വാഹനത്തിന്റെ താക്കോല്‍ മൃതദേഹത്തിനടുത്ത് സീറ്റില്‍ ഉണ്ടായിരുന്നു. പോസ്്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം മഞ്ചൂരിലേക്കു കൊണ്ടുപോയി.

0Shares

Leave a Reply

Your email address will not be published.

Social profiles