റോഡ് നിര്‍മാണത്തിലെ പിഴവ്; വന്‍ കൃഷിനാശം, രണ്ടു താല്‍ക്കാലിക പാലങ്ങള്‍ തകര്‍ന്നു

കുളത്താട ചാത്തന്‍കീഴ് വയലില്‍ വാഴ, കപ്പ, പയര്‍ കൃഷികള്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്(ഇടത്). കുളത്താട ചാത്തന്‍കീഴ് പാലം തകര്‍ന്ന നിലയില്‍.

വീഡിയോ കാണാം

മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ മുതിരേരി, കുളത്താട ചാത്തന്‍കിഴ് താല്‍ക്കാലിക പാലങ്ങള്‍ തകര്‍ന്നു. പ്രദേശങ്ങളില്‍ വന്‍ തോതില്‍ കൃഷി നശിച്ചു. നിരവധി വിടുകളിലും കൃഷിയിടങ്ങളിലും കല്ലും മണ്ണും കയറി. മാനന്തവാടി-വിമലനഗര്‍-കഴുക്കോട്ടുര്‍-യവനാര്‍കുളം-വാളാട്-ആലാര്‍-പേരിയ റോഡ് നിര്‍മാണത്തിലെ പിഴവാണ് കൃഷിനാശത്തിനും രണ്ടു താല്‍ക്കാലിക പാലങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമെന്നു ആരോപണമുണ്ട്. റോഡിനു സംരക്ഷണ ഭിത്തിയും ഡ്രൈനേജും നിര്‍മിച്ചിട്ടില്ല. റീബില്‍ഡ് കേരള പദ്ധതിയില്‍ 100 കോടി രൂപ ചെലവില്‍ കെ.എസ്.ടി.പിയുടെ മേല്‍നേട്ടത്തില്‍ നിര്‍മിക്കുന്നതാണ് റോഡ്.
പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടിയാണ് താല്‍ക്കാലിക പാലങ്ങള്‍ പണിതത്. വെള്ളം പുഴയിലേക്ക് ഒഴുകുന്നതിനു ആവശ്യമായ പൈപ്പുകള്‍ സ്ഥാപിക്കതെയാണ് താല്‍ക്കാലിക പാലങ്ങള്‍ നിര്‍മിച്ചത്. മഴവെള്ളം കെട്ടിനിന്നതാണ് കുളത്താട ചാത്തന്‍കീഴ് ഭാഗത്ത് നിരവധി കര്‍ഷകരുടെ നേന്ത്രവാഴ, കപ്പ, പച്ചക്കറി കൃഷികള്‍ വെള്ളത്തിലാകുന്നതിനു ഇടയാക്കിയത്. കൃഷിയിടത്തില്‍ വെള്ളം കയറിയ വിവരം റോഡ് പ്രവൃത്തി ചുമതലയുള്ള സ്ഥാപനത്തെ നാട്ടുകാര്‍ അറിയിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടുവരെ ആരും എത്തിയില്ല. കൃഷിയിടങ്ങളിലെ വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതിന് പ്രദേശവാസികള്‍ ശ്രമിക്കുന്നതിനിടെയാണ് ചാത്തന്‍കീഴിലെ പാലം തകര്‍ന്നത്. ഭാഗ്യത്തിനാണ് ഇവിടെ വന്‍ ദുരന്തം ഒഴിവായത്. രണ്ട് പാലങ്ങള്‍ തകര്‍ന്നതോടെ യവനാര്‍കുളം കുളത്താട അറോല പ്രദേശങ്ങള്‍ ഏറെക്കുറെ ഒറ്റപ്പെട്ടു. ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചതു ജനങ്ങളെ ദുരിതത്തിലാക്കി. മാനന്തവാടിയില്‍നിന്നു കുളത്താട വഴി പുതുശേരിക്കുള്ള എക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് മുതിരേരി പാലം തകര്‍ന്നതോടെ നിലച്ചു. കാലവര്‍ഷം അടുത്തത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പാലങ്ങളുടെ പണി വൈകാതെ പുര്‍ത്തിയായില്ലങ്കില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും വിദ്യാര്‍ഥികള്‍ക്കടക്കം യാത്ര ചെയ്യാനും കഴിയാത്ത സ്ഥിതി സംജാതമാകും. പ്രശ്‌നത്തിനു അടിയന്തര പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

Leave a Reply

Your email address will not be published.

Social profiles