‘മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിക്കു വിശ്വാസ്യതയില്ലെന്ന്’

കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളേജ് കോട്ടത്തറ വില്ലേജില്‍ മടക്കിമലയ്ക്കു സമീപം ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് സമരരംഗത്തുള്ള പുതിയ ആക്ഷന്‍ കമ്മിറ്റിക്ക് വിശ്വാസ്യതയില്ലെന്ന്. കേരള കോണ്‍ഗ്രസ്-ജേക്കബ് വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍, ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യന്‍, വൈസ് പ്രസിഡന്റ് പി.പ്രഭാകരന്‍ നായര്‍, ജനറല്‍ സെക്രട്ടറിമാരായ ദേവദാസ് വാഴക്കണ്ടി, കെ.സി.മാണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതാണ് ഈ ആരോപണം.
മടക്കിമലയ്ക്കടുത്ത് ചന്ദ്രപ്രഭ ട്രസ്റ്റില്‍നിന്നു എറ്റെടുത്ത 50 ഏക്കറില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ച ആക്ഷന്‍ കമ്മിറ്റിയുമായി നിസഹകരിച്ചവരാണ് നിലവില്‍ പുതിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തുന്നത്. ഈ ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹിത്വത്തില്‍ രണ്ടോ മൂന്നോ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കു മാത്രമാണ് പ്രാതിനിധ്യം. ട്രസ്റ്റ് വിട്ടുകൊടുത്ത ഭൂമി ഉള്‍പ്പെടുന്ന കോട്ടത്തറ പഞ്ചായത്തില്‍പ്പെട്ടവര്‍ പോലും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇല്ല.
2018ലെ പ്രളയത്തിനു പിന്നാലെ, സ്ഥലം പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശത്താണെന്നു പറഞ്ഞാണ് സര്‍ക്കാര്‍ മടക്കിമല ഗവ.മെഡിക്കല്‍ കോളേജ് പദ്ധതി ഉപേക്ഷിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിനായി ചുണ്ടേല്‍ വില്ലേജില്‍ സ്ഥലം ഏറ്റെടുക്കുന്നതിനും മേപ്പാടി താഴെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് വിലയ്ക്കുവാങ്ങി സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കാനും നീക്കം നടന്നു. അപ്പോഴെല്ലാം പുതിയ ആക്ഷന്‍ കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നവരെല്ലാം മൗനത്തിലായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് മാനന്തവാടി ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കല്‍ കോളേജായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായത്. ഇതിനു പിന്നാലെ മാനന്തവാടിക്കടുത്ത് ബോയ്‌സ് ടൗണില്‍ ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു മെഡിക്കല്‍ കോളേജിനു സ്ഥിര നിര്‍മാണം നടത്താനും തീരുമാനമായി. മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ ജില്ലാ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 500 ആയി വര്‍ധിപ്പിച്ചു. ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിവരികയാണ്. ഇതിനിടെയാണ് ജില്ലാ അതിര്‍ത്തിയിലുള്ള ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കുന്നതു അനുചിതമാണെന്നു വാദിച്ചും മടക്കിമലയ്ക്കടുത്ത് ലഭ്യമായ ഭൂമിയില്‍ ആരംഭിക്കണമെന്നു ആവശ്യപ്പെട്ടും പുതിയ ആക്ഷന്‍ കമ്മിറ്റി രംഗത്തുവന്നത്. ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. തുടര്‍ നടപടികള്‍ പുരോഗതിയിലാണ്. എന്നിരിക്കെ മെഡിക്കല്‍ കോളേജ് എങ്ങനെ പഴയ സ്ഥലത്തു നിര്‍മിക്കുമെന്നു ആക്ഷന്‍ കമ്മിറ്റി നേതൃത്വം വ്യക്തമാക്കണം.
മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനു ഉപയോഗിക്കണമെന്നും സ്ഥാപനത്തിനു എം.കെ.ജിനചന്ദ്രന്റെ പേരിടണമെന്നും മറ്റമുള്ള വ്യവസ്ഥയോടെയാണ് ചന്ദ്രപ്രഭ ട്രസ്റ്റ് കോട്ടത്തറ വില്ലേജില്‍ ഭൂമി സര്‍ക്കാരിനു വിട്ടുകൊടുത്തത്. ഈ സ്ഥലം മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്താത്ത സഹചര്യത്തില്‍ തിരികെ കിട്ടണമെന്നു ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച ട്രസ്റ്റ് രണ്ടു വര്‍ഷം മുമ്പ് അനുകൂല വിധി സമ്പാദിച്ചിട്ടുണ്ട്. ട്രസ്റ്റ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം നടന്നപ്പോള്‍ ഭൂമി തിരികെ നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. കോടതി വിധിക്കെതിരേ അപ്പീല്‍ ഫയല്‍ ചെയ്തുമില്ല. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഭൂമി ട്രസ്റ്റിനു തിരികെ നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ പുരോഗതിയിലാണ്.
മെഡിക്കല്‍ കോളേജ് നിര്‍മാണവുമായി ബന്ധപ്പെട്ടു ജനങ്ങളില്‍ ആശങ്ക ശക്തമാണ്. സ്ഥാപനം കോട്ടത്തറ വില്ലേജിലെ ഭൂമിയില്‍ സ്ഥാപിക്കാനുള്ള നീക്കം അട്ടിമറിച്ചതു ജില്ലാ ഭരണകൂടമാണെന്ന ഗുരുതരമായ ആരോപണം പുതിയ ആക്ഷന്‍ കമ്മിറ്റി ഉന്നയിച്ചിരിക്കയാണ്. കോട്ടത്തറ വില്ലേജിലെ ഭൂമി പ്രകൃതി ദുരന്ത സാധ്യതാ പ്രദേശത്താണെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ജനപ്രതിനിധികളടക്കം നേരത്തേ പ്രചരിപ്പിച്ചത്. എന്നാല്‍ കോട്ടത്തറ വില്ലേജിലെ ഭൂമി നിര്‍മാണത്തിനു യോജിച്ചതല്ലെന്ന റിപ്പോര്‍ട്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയിട്ടില്ലെന്ന വിവരമാണ് നിലവില്‍ ലഭ്യമാകുന്നത്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ആദ്യന്തമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കേരള കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles