മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രഹസനമെന്ന് വിമര്‍ശനം

കല്‍പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രഹസനമാണന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി വിമര്‍ശിച്ചു.
വന്യജീവി ശല്യം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പൊറാട്ടു നടകമാണ് കലക്ടറേറ്റില്‍ നടന്നത്. പരിസ്ഥിതി, കര്‍ഷക സംഘടനകളെ മാറ്റിനിര്‍ത്തി ചേര്‍ന്ന യോഗത്തില്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഉചിതമായ പരിഹാരം നിര്‍ദേശിക്കാനും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കഴിഞ്ഞില്ല. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനു ഐ.എഫ്.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കാനാണ് യോഗത്തിലുണ്ടായ പ്രധാന തീരുമാനം. നോഡല്‍ ഓഫീസറെ നിയമിച്ചതുകൊണ്ട് പ്രശ്‌നത്തിനു നാമമാത്ര പരിഹാരം പോലും ആകില്ല.
മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനു പദ്ധതികള്‍ നടപ്പിലാക്കുന്നതിനു ആവശ്യമായ ഫണ്ട് വകയിരുത്താന്‍ ബാദ്ധ്യതപ്പെട്ടവര്‍ ജനങ്ങളെ പൊട്ടന്‍ കളിപ്പിക്കുകയാണ്. പ്രശ്‌നം ശാസ്ത്രീയമായി പഠിച്ച് പരിഹാര പദ്ധതികള്‍ നിര്‍ദേശിക്കാനും അവ നടപ്പാക്കിയെന്നു ഉറപ്പുവരുത്താനും അധികാരമുള്ള വിദഗ്ധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തിടത്തോളം ഇന്നത്തെ ദുരവസ്ഥ തുടരും.
പഞ്ചായത്തുകളെ വനം-വന്യജീവി സംരക്ഷണത്തില്‍ മുഖ്യ പങ്കാളികളും ഉത്തരവാദികളും ആക്കാന്‍ വനം വകുപ്പ് തയാറാകുന്നില്ല. തൊഴിലുറപ്പ് പദ്ധതി വനത്തില്‍ അധിനിവേശ സസ്യ നിര്‍മാര്‍ജനത്തിനും വന്യജീവി പ്രതിരോധത്തിനും ഉപയോഗപ്പെടുത്താന്‍ അധികാരികള്‍ക്കു താത്പര്യമില്ല.
വന്യജീവികള്‍ വരുത്തുന്ന കൃഷിനാശത്തിനു അനുവദിക്കുന്ന നഷ്ടപരിഹാരം തുച്ഛമാണ്. 10 സെന്റ് പച്ചക്കറി നശിച്ചാല്‍ 161 രൂപയും കായ്ഫലമുള്ള തെങ്ങിന് 700 രൂപയുമാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ തുക സര്‍ക്കാര്‍ നിശ്ചയിച്ചതാണ്. ഒരു ഹെക്ടര്‍ നെല്‍ക്കൃഷിക്ക് 80.000 രൂപ ചെലവുവരുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം 11,000 രൂപയാണ്. ഇത് കാലാനുസൃതമായി വര്‍ധിപ്പിക്കുന്നതിനു ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ല. വന സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നാല് വര്‍ഷം മുന്‍പ് റീബില്‍ഡ് കേരളയില്‍ അനുവദിച്ച 30 കോടി രൂപ ഇനിയും ചെലവഴിച്ചിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, എ.വി.മനോജ്, സി.എ.ഗോപാലകൃഷ്ണന്‍, ബാബു മൈലമ്പാടി, സണ്ണി മരക്കടവ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles