സ്ട്രീറ്റ് പദ്ധതി: ഉത്തരവാദ ടൂറിസം മിഷന്‍ ചേകാടിയില്‍ ശില്‍പശാല നടത്തി

സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഉത്തരവാദ ടൂറിസം മിഷന്‍ പുല്‍പള്ളി ചേകാടിയില്‍ നടത്തിയ ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഉത്തരവാദ ടൂറിസം മിഷന്‍ പഞ്ചായത്തിലെ ചേകാടിയില്‍ ശില്‍പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ രാജു.എം.തോണിക്കടവ് അധ്യക്ഷത വഹിച്ചു. ഉത്തരവാദ ടൂറിസം സംസ്ഥാന മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ട്രീറ്റ് പദ്ധതിയിലൂടെ ചേകാടിയെ അനുഭവവേദ്യ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്നു അദ്ദേഹം പറഞ്ഞു.
ഉത്തരവാദ ടൂറിസം ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ സിജോ മാനുവല്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.മുഹമ്മദ് സലീം, ഡി.ടി.പിസി സെക്രട്ടറി അജേഷ്, പഞ്ചായത്ത് സെക്രട്ടറി ജയിംസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കരുണാകരന്‍, മനോജ് ചേകാടി എന്നിവര്‍ പ്രസംഗിച്ചു.
ഓരോ പ്രദേശത്തിന്റേയും സാധ്യത കണക്കിലെടുത്ത് അനുഭവവേദ്യത ഉറപ്പാക്കുന്ന തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്/ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്/ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകള്‍ നിലവില്‍ വരും. കുറഞ്ഞതു മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കും തദ്ദേശ വാസികള്‍ക്കും ടൂറിസം മേഖലയില്‍ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published.

Social profiles