കോട്ടയത്ത് പന്നിമൂക്കന്‍ തവളയെ കണ്ടെത്തി

പന്നിമൂക്കന്‍ തവള.

കോട്ടയം: മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കല്‍ക്കല്ലില്‍ പന്നിമൂക്കന്‍ തവളയെ കണ്ടെത്തി. പഴുക്കാകാനം തലക്കശേരി ഡാനിയേലിന്റെ പുരയിടത്തിലാണ് പന്നിമൂക്കന്‍ തവളയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഡാനിയേലിനെ മകളും മൂന്നിലവ് പഞ്ചായത്ത് നാലാംവാര്‍ഡ് മെംബറുമായ ജിന്‍സി ഡാനിയേല്‍ വിചിത്രരൂപിയായ തവളയെ കണ്ടത് പ്രകൃതി നിരീക്ഷകനും മേലുകാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എം.എന്‍.അജയകുമാറിനെ അറിയിച്ചു. തുടര്‍ന്നു കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.പുന്നന്‍കുര്യന്‍ വേങ്കടത്ത്, അജയകുമാര്‍,പി.മനോജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് തവളയെ തിരിച്ചറിഞ്ഞത്.
Nasikabatrachus sahyadrensis എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പന്നിമൂക്കന്‍ (Purple Frog/Pignosed frog) തവളയെ കേരളത്തിന്റെ സംസ്ഥാന തവളയായി പ്രഖ്യാപിച്ചിരുന്നു. ഇതിനുമുമ്പ് 2003ലാണ് അവസാനമായി കേരളത്തില്‍ ഈ ഇനം തവളയെ കണ്ടത്. വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍ കഴിയുന്ന ഇതിനു പാതാളത്തവളയെന്നും പേരുണ്ട്. പ്രജനനത്തിനായി മണ്‍സൂണ്‍ ആരംഭത്തെടെയാണ് ഇവ ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പന്നിമൂക്കന്‍ തവളയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Social profiles