ഒരുമയുടെ ഒറ്റക്യാന്‍വാസ്; ചിത്രമെഴുതാന്‍ മന്ത്രിയും

ഒരുമയുടെ ഒറ്റ ക്യാന്‍വാസ് ചിത്ര രചനയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ചിത്രം വരയ്ക്കുന്നു

കല്‍പറ്റ: വയനാടന്‍ സമതലങ്ങളിലെ ദൃശ്യചാരുതകളെ കോര്‍ത്തിണക്കി ഒരുമയുടെ ഒറ്റക്യാന്‍വാസ് ചിത്രരചന വേറിട്ട അനുഭവമായി. എന്റെ കേരളം, എന്റെ അഭിമാനം മെഗാ എക്സിബിഷന്റെ മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ബത്തേരി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നടത്തിയ ചിത്ര രചനയില്‍ മൃഗസംരക്ഷണ- ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും പങ്കുചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് എന്റെ കേരളം എന്ന പേരില്‍ മേയ് 7 മുതല്‍ 13 വരെ നടക്കുന്ന മെഗാ എക്സിബിഷന്റെ ഭാഗമായാണ് ഒരുമയുടെ ഒറ്റ ക്യാന്‍വാസ് ചിത്രരചന നടന്നത്. മേപ്പാടി കള്ളാടി തുരങ്കപാതയും വയനാടന്‍ പൈതൃക ജീവിത പരിസരങ്ങളെയും അടയാളപ്പെടുത്തുന്നതായിരുന്നു മൂന്നുമീറ്ററോളം നീളത്തിലുള്ള ഒറ്റ ക്യാന്‍വാസ്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഒറ്റ ക്യാന്‍വാസ് പെയിന്റിങ്ങില്‍ കലാകാരന്‍മാര്‍ക്കൊപ്പം മന്ത്രി ചിഞ്ചുറാണിയും നിറങ്ങളുടെ ചെപ്പ് തുറന്നു. ബി.ആര്‍.സി സ്പെഷ്യലിസ്റ്റ് അധ്യാപകരായ മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സിലെ എം.അരുണ്‍കുമാര്‍, കോട്ടത്തറ ജി.എച്ച്.എസ്സ്.എസിലെ സി.കെ.അനി, കരിങ്ങാരി ജി.യു.പി സ്‌കൂളിലെ പി.വി മനോജ് എന്നിവരാണ് ഒരുമയുടെ ഒറ്റ ക്യാന്‍വാസില്‍ കൂട്ടായി ബഹുവര്‍ണ്ണ ചിത്രമെഴുതിയത്.

Leave a Reply

Your email address will not be published.

Social profiles