കമ്പളക്കാടിന്റെ നോവായി അജ്മലിന്റെ ആകസ്മിക വിയോഗം

കമ്പളക്കാട്: ഇന്നലെ ഗുണ്ടല്‍പേട്ടയില്‍ നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട അജ്മലിന്റെ വേര്‍പാടില്‍ തേങ്ങി നാട്. കമ്പളക്കാട്ടെ മത-സാമൂഹ്യ -രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്നു ഈ പ്രയപ്പെട്ടവന്‍. എം എസ് എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അജ്മല്‍, സൗമ്യനും നിഷ്‌കളങ്കനുമായിരുന്നു. മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും ഏതൊരു പരിപാടി കമ്പളക്കാട് നടന്നാലും അതുമായി ബന്ധപ്പെട്ട സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമായിരുന്ന അജ്മലിന്റെ പെട്ടെന്നുള്ള വിയോഗം എല്ലാവരെയും ഒരു പോലെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മഹല്ല്, മതസംഘടനാ രംഗത്ത് എന്നും സേവകനായി അജ്മലുണ്ടാകുമായിരുന്നു. നിയോജക മണ്ഡലം യൂത്ത് ലീഗ് കഴിഞ്ഞ ഞായറാഴ്ച കമ്പളക്കാട് വെച്ച് നടത്തിയ ഇഫ്താര്‍ മീറ്റില്‍ ആദ്യാവസാനം ആത്മാര്‍ത്ഥതയോടെ സേവനം ചെയ്യാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന അജ്മലിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിതുമ്പലിലാണ് കൂട്ടുകാരും സഹപ്രവര്‍ത്തകരും. കമ്പളക്കാട്ടെ നടുക്കണ്ടി അബ്ദുവിന്റെയും താഹിറയുടെയും മകനാണ്. സഹോദരി: അംന ഫാത്തിമ. അപകടത്തില്‍ ബന്ധു കോഴിക്കോട് കൂരാച്ചുണ്ട് ചീനിക്കല്‍ സലാമിന്റെ മകന്‍ അല്‍ത്താഫും മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.

Social profiles