റവന്യൂ ഉദ്യോഗസ്ഥരുടെ കലോത്സവത്തിന് തിരിതെളിഞ്ഞു

ജില്ലയിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന കലോത്സവത്തില്‍ നിന്ന്

കല്‍പറ്റ: ജില്ലയിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന കലോത്സവം ശ്രദ്ധേയമാകുന്നു. കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ജില്ലയിലാദ്യമായാണ് വിപുലമായ രീതിയില്‍ എല്ലാ റവന്യു ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പാക്കി കലോത്സവം നടക്കുന്നത്. മൂന്ന് വേദികളിലായി പതിമൂന്ന് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കലാ കായിക മേളയില്‍ അഞ്ഞൂറോളം പ്രതിഭകള്‍ പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന മേളയില്‍ 23 കലാ മത്സരങ്ങളും പത്തോളം കായിക മത്സരങ്ങളും നടക്കും. കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ നാടന്‍ പാട്ടോടെയായിരുന്നു അരങ്ങുണര്‍ന്നത്. പത്തോളം ടീമുകളാണ് നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ലളിതഗാനം, കവിതാലാപനം, പ്രസംഗ മത്സരം, മോണോ ആക്ട്, മിമിക്രി എന്നീ മത്സരങ്ങളും നടന്നു.
25ന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രചനാമത്സരങ്ങളും വൈകിട്ട് 5 മുതല്‍ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ ഏകാംഗ നാടകം, മൂകാഭിനയം എന്നീ മത്സരങ്ങളും നടക്കും. 28ന് കാക്കവയല്‍ സ്‌കൂളില്‍ വെച്ച് സെവന്‍സ് ഫുട്‌ബോള്‍ മത്സരവും 29ന് മുട്ടില്‍ സ്‌കൂളില്‍ വെച്ച് ക്രിക്കറ്റ് മത്സരവും മെയ് ഒന്നിന് രാവിലെ 8 മുതല്‍ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ നൃത്ത മത്സരങ്ങളും അരങ്ങേറും. മെയ് 3ന് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ നടക്കും.
റവന്യു വകുപ്പിലെ ജീവനക്കാരുടെ കലാ കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍ കെ.ഗോപിനാഥ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ജി. നിര്‍മ്മല്‍ കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (എന്‍.ആര്‍) കെ ദേവകി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles