വയനാട് ജില്ലാ സ്റ്റേഡിയം ഒരു മാസത്തിനകം സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറും
*പ്രമുഖ കായിക താരങ്ങള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു

കല്‍പറ്റ മരവയലിലെ വയനാട് ജില്ലാ സ്റ്റേഡിയം ഒളിംപ്യന്‍ ഗോപി സന്ദര്‍ശിക്കുന്നു.,സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്.

കല്‍പറ്റ: വയനാടിന്റെ കായിക വികസന ചരിത്രത്തില്‍ നാഴികക്കല്ലായി മാറുന്ന ജില്ലാ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാകുന്നു. കല്‍പറ്റ നഗരത്തില്‍നിന്നു മൂന്നു കിലോമീറ്റര്‍ മാറി മുണ്ടേരി മരവയലില്‍ സ്റ്റേഡിയം പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നിര്‍മാണച്ചുമതലയുള്ള കിറ്റ്‌കോ സ്‌റ്റേഡിയം ഒരു മാസത്തിനകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറുമെന്നാണ് വിവരം. വൈകാതെ ഉദ്ഘാടനം ഉണ്ടാകും. ജില്ലയില്‍നിന്നുള്ള ഒളിംപ്യന്‍മാരായ പി.ഗോപി, മഞ്ജിമ കുര്യാക്കോസ്, വോളിബോള്‍ താരം അശ്വതി, സാഫ് ഗെയിംസ് മെഡലിസ്റ്റ് ഇബ്രാഹിം ചീനിക്ക എന്നിവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി സ്റ്റേഡിയം സന്ദര്‍ശിച്ചു. ജില്ലയെ സംബന്ധിച്ചിടത്തോളം സ്‌റ്റേഡിയം മുതല്‍ക്കൂട്ടാണെന്നു ഇവര്‍ അഭിപ്രായപ്പെട്ടു.
പൊതുപ്രവര്‍ത്തകനും പ്ലാന്ററുമായ എം.ജെ.വിജയപദ്മനാണ് 1998ല്‍ 7.88 ഏക്കര്‍ ഭൂമി 20 പേരില്‍നിന്നു വിലയ്ക്കുവാങ്ങി സ്റ്റേഡിയം നിര്‍മാണത്തിനു സ്‌പോര്‍ട്‌സ് കൗണ്‍സിലിനു വിട്ടുകൊടുത്തത്. വിജയപദ്മന്റെ പിതാവും മുന്‍ എം.പിയുമായ പരേതനായ എം.കെ.ജിനചന്ദ്രന്റെ പേരിലാണ് സ്റ്റേഡിയം ഉയരുന്നത്. 2010 ഏപ്രില്‍ 28ന് അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറാണ് സ്റ്റേഡിയം നിര്‍മാണം ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട നിലവാരത്തിലുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു യോജിച്ചവിധം സ്റ്റേഡിയത്തില്‍ ഒമ്പതു ഫ്‌ളഡ്‌ലിറ്റ് ടവറുകള്‍ 2020 ജൂണില്‍ സ്ഥാപിച്ചിരുന്നു. എട്ടുവരി സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം അടുത്തിടെ പൂര്‍ത്തിയായി. ട്രാക്ക് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കള്‍ ജര്‍മനിയില്‍നിന്നാണ് ഇറക്കിയത്. ട്രാക്കിനു മാത്രം ഇതിനുമാത്രം അഞ്ചു കോടി രൂപ വിനിയോഗിച്ചു. ഫുട്‌ബോള്‍ ഗ്രൗണ്ട്, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, കളിക്കാര്‍ക്കുള്ള മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം തുടങ്ങിയവ സ്‌റ്റേഡിയത്തിന്റെ ഭാഗമാണ്. രണ്ട് ഘട്ടങ്ങളിലായി 18.60 കോടി രൂപ വിനിയോഗിച്ചാണ് സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്നു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, വൈസ് പ്രസിഡന്റ് സലിം കടവന്‍ എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles