വേനല്‍ മഴയില്‍ ഏക്കര്‍ കണക്കിന് കൊളത്താട പയര്‍ കൃഷി നശിച്ചു,
കണ്ണീരണിഞ്ഞ് കര്‍ഷകര്‍

മാനന്തവാടി: വേനല്‍മഴയില്‍ വയനാട്ടില്‍ ഏക്കര്‍ കണക്കിനു കൊളത്താട പയര്‍കൃഷി നശിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിംകുളത്തിന്‍കര, കുളത്താട, ചാത്തന്‍കീഴ്, പോരൂര്‍ പാടശേഖരങ്ങളിലാണ് കൃഷിനാശം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വയനാടിന്റെ തനതു പയര്‍ ഇനമാണ് കൊളത്താട. സര്‍ക്കാര്‍ ഈ ഇനം പയര്‍ വര്‍ഷങ്ങള്‍ മുമ്പ ്പരമ്പരാഗത വിത്തിനത്തില്‍ ഉള്‍പ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രോഗപ്രതിരോധശേഷിയും മികച്ച ഉത്പാദന ശേഷിയുമുള്ള കുറ്റിപ്പയറാണ് കൊളത്താട.
തവിഞ്ഞാലില്‍ നിരവധി കര്‍ഷകരാണ് ഉപജീവനത്തിനു പയര്‍ കൃഷി നടത്തുന്നത്. കുടുംബശ്രീയുടേതടക്കം സ്വാശ്രയ സംഘങ്ങള്‍ക്കും കൃഷിയുണ്ട്. മഴവെള്ളം പാടങ്ങളില്‍ കെട്ടിക്കിടന്നു ചെടികളുടെ വേര് ചീഞ്ഞാണ് കൃഷിനാശം. പയര്‍കൃഷിയില്‍ പണം മുടക്കിയവര്‍ കണ്ണീരിലാണ്.
കിലോഗ്രാമിനു 200 രൂപ വരെ വിലകിട്ടുന്നതാണ് കൊളത്താട പയര്‍. തവിഞ്ഞാലില്‍ ഉല്‍പാദിപ്പിക്കുന്ന പയര്‍ കൃഷിവകുപ്പുതന്നെ സംഭരിച്ച് വിത്താക്കി
കൃഷിഭവനുകളിലൂടെയും സര്‍ക്കാരിന്റെ വിപണനമേളകളിലൂടെയും ആവശ്യക്കാര്‍ക്കു ലഭ്യമാക്കുന്നുണ്ട്. ഇത്തവണ വിഷുക്കാലത്തെ വിളവെടുപ്പു കണക്കാക്കി
കണ്ണൂര്‍ ജില്ലയിലെ കേളകത്ത് കൊളത്താട പയര്‍ കൃഷി ചെയ്തിരുന്നു. മികച്ച വിളവാണ് ഇവിടെ ലഭിച്ചത്.
തവിഞ്ഞാലിലെ പയര്‍ കൃഷി നാശം തിട്ടപ്പെടുത്തി നഷ്പരിഹാരം നല്‍കണമെന്നു കര്‍ഷക കൂട്ടായ്മകള്‍ കൃഷി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്:ബിജു കിഴക്കേടം.

Leave a Reply

Your email address will not be published.

Social profiles