ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത: ഫോറസ്റ്റ് ക്ലിയറന്‍സിനുള്ള ശുപാര്‍ശ തള്ളണം-വയനാട് പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ-ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാതയുടെ ഫോറസ്റ്റ് ക്ലിയറന്‍സിനു കോഴിക്കോട്, സൗത്ത് വയനാട് ഡി.എഫ്.ഒമാര്‍ നല്‍കിയ ശുപാര്‍ശ തള്ളണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോടും സംസ്ഥാന വനം വകുപ്പ് അധികാരികളോടും ആവശ്യപ്പെട്ടു.
ഡി.എഫ്.ഒമാരുടെ ശുപാര്‍ശ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും രാഷ്ട്രീയ യജമാനന്‍മാരെയും നിര്‍മാണ മാഫിയയെയും തൃപ്തിപ്പെടുത്താനുള്ളതാണെന്നു സമിതി ആരോപിച്ചു. ഡി.എഫ്.ഒമാര്‍ സ്ഥലസന്ദര്‍ശനത്തിനുശേഷം സമര്‍പ്പിച്ച ശുപാര്‍ശ
വനം-വന്യജീവി സംരക്ഷണ നിയമങ്ങളെയും തത്വങ്ങളെയും പരിഹസിക്കുന്നതും അര്‍ധസത്യങ്ങളും അസത്യങ്ങളും നിറഞ്ഞതുമാണ്.
രണ്ടുവരി തുരങ്ക പാത നിര്‍മിക്കേണ്ട മലനിരകള്‍ അതീവ സംരക്ഷണ പ്രാധാന്യമുള്ളതും സങ്കീര്‍ണവും ലോലവുമായ പരിസ്ഥിതി സന്തുലനം നിലനില്‍ക്കുന്നതുമായ പ്രദേശമാണ്. വയനാട്, കോഴിക്കോട് ജില്ലകളില്‍ കാലാവസ്ഥയെയും ജലസുരക്ഷയെയും കാലവര്‍ഷത്തെയും നിയന്ത്രിക്കുന്ന ക്യാമല്‍ ഹംപ് പര്‍വതനിരകളുടെ മര്‍മമാണ് പാതയ്ക്കായി തുരക്കേണ്ടത്. ഇവിടത്തെ സസ്യജനുസുകളെയും മറ്റു ജീവജാലങ്ങളെയുംകുറിച്ച് ഡി.എഫ്.ഒമാര്‍ക്ക് പ്രാഥമിക ധാരണപോലും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് ശുപാര്‍ശ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടുകള്‍. ഇത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
വയനാട്പരിധിയില്‍ തുരങ്കം നിര്‍മിക്കേണ്ട ഭാഗത്തു 63 ജാതി പക്ഷികളും 12 ജാതി സസ്തനികളും 28 ജാതി പൂമ്പാറ്റകളും മൂന്നു ജാതി തവളകളും ഏഴു ജാതി ഇഴ ജീവികളും ഉള്ളതായാണ് സൗത്ത് വയനാട് ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ 140 ജാതി പക്ഷികളെയും 41 ജാതി സസ്തനികളെയും 100 ജാതി ശലഭങ്ങളെയും 20 ജാതി ഉഭയ ജീവികളെയും 29 ജാതി ഇഴ ജീവികളെയും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പക്ഷി വൈവിധ്യ പ്രാധാന്യമുളള പ്രദേശമായി ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ കണ്ടെത്തിയ പ്രദേശമാണിത്. ഇവിടെയുള്ള പക്ഷി ജാതികളില്‍ 10 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇതില്‍ ബാണാസുര ചിലപ്പനടക്കം രണ്ടെണ്ണം അധിക വംശനാശ ഭീഷണിയുള്ളതാണ്. ഈ മലനിരകളില്‍ മാത്രം 17 ഇനം പുതിയ സസ്യങ്ങള്‍ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്നതും എ.യു.സി.എന്‍ ചുവന്ന പുസ്തകത്തില്‍ അടയാളപ്പെടുത്തിയതും വംശനാശ ഭീഷണി നേരിടുന്നതുമായ നീലഗിരി മാര്‍ട്ടിന്റെ ആവസവ്യവസ്ഥയാണ് ഈ മലനിരകള്‍. ഇവിടത്തെ കാടുകള്‍ അര്‍ധ നിത്യഹരിത വനങ്ങള്‍ മാത്രമാണെന്ന കണ്ടെത്തല്‍ തെറ്റാണ്.
തുരങ്കത്തിനായി കോഴിക്കോട് ജില്ലാ പരിധിയില്‍ ഉപയോഗപ്പെടുത്തേണ്ട വനപ്രദേശത്തെ ജൈവ വൈവിധ്യത്തെക്കുറിച്ച് കോഴിക്കോട് ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന നിലവിലെ റോഡുകളിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചും അതുമൂലം വന്യജീവികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെയും കുറിച്ചുള്ള ആശങ്കയാണ് റിപ്പോര്‍ട്ടില്‍ ഉടനീളം.
വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതു നഷ്ടപ്പെട്ടാലുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചം റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുന്ന ഡി.എഫ്.ഒമാര്‍ ചുരം റോഡിലെ ഗതാഗതക്കുരുക്ക്, വാഹനപ്പെരുപ്പം, അതുമൂലം വന്യജീവികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയെക്കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പേമാരിയുമുണ്ടായി വയനാട് ഒറ്റപ്പെട്ടാല്‍ ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ തുരങ്കപാത ഉതകുമെന്നും അവര്‍ സ്ഥാപിക്കുന്നു. നിര്‍ദിഷ്ട തുരങ്ക പാതയ്്ക്കടുത്ത് പുത്തുമലയില്‍ 2018ല്‍ ഉരുള്‍ പൊട്ടി നിരവധി പേര്‍ മരിച്ചത് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും മുണ്ടക്കൈയിലും കവളപ്പാറയിലും പാതാറിലുമുണ്ടായ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തുരങ്കം കടന്നുപോകുന്ന മലനിരകളില്‍ ഉദ്ഭവിക്കുന്ന ഉറവകളെക്കുറിച്ച് യാതൊരു പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഇല്ല. വനത്തില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഡ്രില്ലിംഗിനെക്കുറിച്ചും അപ്രോച്ച് റോഡുകളെപ്പറ്റിയും ഒന്നും പറയുന്നില്ല. വയനാട് ഭാഗത്ത് തുരങ്ക നിര്‍മാണത്തിനിടെ പൊട്ടിച്ചെടുക്കുന്ന പാറയും മണലും വില്‍ക്കുന്ന പണം വനം വകുപ്പിന് കിട്ടണമെന്ന ആവശ്യവും സൗത്ത് വയനാട് ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടിലുണ്ട്. പ്രത്യക്ഷത്തില്‍ത്തന്നെ അബന്ധജഡിലമായ റിപ്പോര്‍ട്ടുകള്‍ തള്ളേണ്ടതു നാടിന്റെ നന്‍മയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണെന്നു സമിതി ഭാരവാഹികളായ എന്‍.ബാദുഷ, എം.ഗംഗാധരന്‍, പി.എം.സുരേഷ്, എം.വി.മനോജ്, തോമസ് അമ്പലവയല്‍, എ.വി.മനോജ്, സി.എ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. പശ്ചിമഘട്ടത്തിലെ അമൂല്യമായ ഭൂഭാഗം വരുംതലമുറയ്ക്കായി കാത്തുരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ സര്‍വനാശത്തിന് കൂട്ടുനില്‍ക്കയാണെന്നു അവര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

Social profiles