എം.എല്‍.എ ഫണ്ട്: പ്രവര്‍ത്തന മാര്‍ഗരേഖയില്‍ മാറ്റത്തിനു സര്‍ക്കാരിനു കത്ത് നല്‍കും-ഐ.സി.ബാലകൃഷ്ണന്‍

ബത്തേരി-എം.എല്‍.എമാരുടെ പ്രത്യേക വികസന നിധി, പ്രാദേശിക വികസന നിധി എന്നിവ ഉപയോഗപ്പെടുത്തി അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ നടത്തുന്നതിനു ഉതകുന്ന വിധത്തില്‍ പ്രവര്‍ത്തന മാര്‍ഗരേഖയില്‍ മാറ്റം വരുത്തുന്നതിനു സര്‍ക്കാരിനു കത്ത് നല്‍കുമെന്നു ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. നിയോജക മണ്ഡലത്തില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ചു നടത്തുന്ന പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനു പൂതാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം അറിയിച്ചതാണിത്. ആദിവാസി ഊരുകളില്‍ ദൈവപ്പുര സ്ഥാപിക്കുന്നതിന് എം.എല്‍എ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇക്കാര്യത്തില്‍ ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി എം.എല്‍.എ പറഞ്ഞു. സ്പെഷ്യല്‍ സ്‌കൂളുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്ക് നിബന്ധനകളില്‍ ഇളവ് വരുത്തി എം.എല്‍.എ ഫണ്ട് അനുവദിക്കുന്നതിനു സര്‍ക്കാരിനെ സമീപിക്കും. വനാതിര്‍ത്തികളില്‍ ഹാംഗിംഗ് ഫെന്‍സിംഗ് നിര്‍മിക്കുന്നതിനു എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ മാര്‍ഗരേഖയില്‍ മാറ്റം വരുത്തണമെന്നു സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളിലെ വനാതിര്‍ത്തികളില്‍ സര്‍ക്കാരിന്റെ പ്രത്യോകാനുമതിയോടെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചു ഹാംഗിംഗ് ഫെന്‍സിംഗ് നിര്‍മാണം നടത്തുന്നുണ്ട്.
എം.എല്‍.എ ഫണ്ട് ഉപയോഗിച്ചു മണ്ഡലത്തില്‍ നടത്തുന്നതില്‍ ചില പ്രവൃത്തികള്‍ കരാറുകാരുടെ വീഴ്ചമൂലം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായില്ലെന്നു യോഗം വിലയിരുത്തി. പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനു നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വഹണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങള്‍ക്കു അനുവദിച്ച ബസുകള്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പു ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി. പി.എച്ച്.സികള്‍ക്ക് അനുവദിച്ച ആംബുലന്‍സുകള്‍ മാര്‍ച്ച് 31നകം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, എ.ഡി.സി ജനറല്‍ കെ.ഇ.വിനോദ് കുമാര്‍, ബി.ഡി.ഒ എസ്.സജീഷ്, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.സേതുലക്ഷ്മി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles