ജനത്തെ നരകത്തിലാക്കി റോഡുപണി

മാനന്തവാടി: കൈതക്കല്‍ റോഡ് നിര്‍മാണം എങ്ങുമെത്താത്തതു സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കുന്നതിനു പുറമേ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ഫലത്തില്‍ ജനത്തെ നരകത്തിലാക്കിയിരിക്കയാണ് റോഡ് പ്രവൃത്തി.
നവീകരണത്തിനായി റോഡിലെ ടാറിംഗ് ഇളക്കിമാറ്റി നിരത്തിയ കല്ലുകള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതേപടി കിടക്കുകയാണ്.
വാഹനങ്ങള്‍ പോകുമ്പോള്‍ വന്‍തോതിലാണ് പൊടിപടലം ഉയരുന്നത്. വഴിയോരങ്ങളില്‍ താമസിക്കുന്നവര്‍ പൊടിപടലം മൂലം ദുരിതം അനുഭവിക്കുകയാണ്. ശ്വാസംമുട്ട് അടക്കം രോഗങ്ങള്‍ക്കും കാരണമായിരിക്കയാണ് പറന്നുപരക്കുന്ന പൊടിയുടെ ആധിക്യം. റോഡിന്റെ വശങ്ങളിലെ മുഴുവന്‍ വീടുകളും പൊടിനിറഞ്ഞ് വ്യത്തിഹീനമായിരിക്കയാണ്. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ ഉയരുന്ന പൊടി പിന്നിലെ വാഹന ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ പൊടിയില്‍ കുളിക്കേണ്ട അവസ്ഥയാണ്.
രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട റോഡ് നിര്‍മ്മാണം നാലുവര്‍ഷം കഴിഞ്ഞിട്ടും തീര്‍ക്കാതെ കരാറുകാരും മേല്‍നോട്ടക്കാരും അലസത കാട്ടുമ്പോള്‍ ജനത്തിനു ക്ഷമകെടുകയാണ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 46 കോടി രൂപ അടങ്കലില്‍ 2018 നവംബറിലാണ് 10.5 കിലോമീറ്റര്‍ റോഡ് പ്രവൃത്തി ആരംഭിച്ചത്. ജില്ലയില്‍ ഇതിനൊപ്പമോ ശേഷമോ പ്രവൃത്തി ആരംഭിച്ച മറ്റു റോഡുകളില്‍ പലതിന്റെയും ഉദ്ഘാടനം കഴിഞ്ഞു. പൊറുതിമുട്ടിയ നാട്ടുകാര്‍ കര്‍മ സമിതി രൂപീകരിച്ചു പ്രക്ഷോഭം ആരംഭിച്ചപ്പോഴാണ് കൈതക്കല്‍ റോഡ് നിര്‍മാണത്തിനു കുറച്ചെങ്കിലും വേഗതയായത്. റോഡില്‍ മാനന്തവാടി ടൗണ്‍ മുതല്‍ വള്ളിയൂര്‍ക്കാവ് വരെ പ്രവൃത്തി മന്ദഗതിയിലാണ്.

Leave a Reply

Your email address will not be published.

Social profiles