ദീപേഷിന്റെ മരണം: ഭാര്യ ഷൈബിന്‍ അഷ്‌റഫിനും സംഘത്തിനുമെതിരെ പരാതി നല്‍കി

ബത്തേരി: ദൊട്ടപ്പന്‍കുളം പുത്തന്‍വീട്ടില്‍ ദീപേഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു ഭാര്യ ജിസ സിദ്ധന്‍ വധക്കേസ് പ്രതി ഷൈബിന്‍ അഷ്‌റഫിനും സംഘത്തിനുമെതിരെ പോലീസില്‍ പരാതി നല്‍കി. ദീപേഷിന്റെ മരണത്തില്‍ ഷൈബിന്‍ അഷ്‌റഫിനും സംഘത്തിനും പങ്കുള്ളതായി സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ വിശദാന്വേഷണം വേണമെന്നുമാണ് ജിസ ശനിയാഴ്ച വൈകുന്നേരം ബത്തേരി ഡിവൈ.എസ്.പി കെ.കെ.മുഹമ്മദ് ഷെരീഫിനു നല്‍കിയ പരാതിയില്‍. 2021ലാണ് ദീപേഷിനെ കര്‍ണാടകയിലെ കുടകില്‍ കാപ്പിത്തോട്ടത്തിലെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2015ല്‍ ദീപേഷിനെ ഷൈബിന്‍ അഷ്‌റഫിന്റെ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി തോട്ടത്തില്‍ തള്ളിയിരുന്നു. വടംവലി മത്സരത്തില്‍ ദീപേഷിന്റെ ടീം ഷൈബിന്‍ പിന്തുണയ്ക്കുന്ന ടീമിനെ പരാജയപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട കേസില്‍ ബത്തേരി പോലീസ് നിലമ്പൂരില്‍ എത്തിയെങ്കിലും ഷൈബിനെ പിടികൂടാനായില്ല. എന്നാല്‍ സംഘത്തിപ്പെട്ട നാലു പേരെ അറസ്റ്റു ചെയ്തു. ദീപേഷിനു നഷ്ടപരിഹാരവും ചികിത്സാസഹായവും നല്‍കിയാണ് ഈ കേസ് അവസാനിപ്പിച്ചത്. കോടതിയില്‍ വിചാരണയ്ക്കിടെ തന്നെ മര്‍ദിച്ചവരെ കണ്ടാല്‍ അറിയില്ലെന്നു ദീപേഷ് മൊഴി നല്‍കി. പിന്നീടാണ് ദീപേഷിനെ കര്‍ണാടകയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈബിന്റെയും കൂട്ടാളികളുടേയും പുതിയ വെളിപ്പെടുത്തലുകളില്‍ ഭര്‍ത്താവിനെ അപായപെടുത്തിയതാണെന്നതിന്റെ സൂചനകളുണ്ടെന്നു ജിസയുടെ പരാതിയില്‍ പറയുന്നു. പരാതി നിലമ്പൂര്‍ പോലീസിനു കൈമാറും.
ദീപേഷിന്റെ മരണത്തില്‍ നേരത്തേതന്നെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ കേസിനു പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നും ജിസ മാധ്യമങ്ങളോടു പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles