ചുണ്ടേല്‍-മേപ്പാടി റൂട്ടില്‍ രാത്രി ഏഴു കഴിഞ്ഞാല്‍ ബസില്ല

വൈത്തിരി: ചുണ്ടേല്‍-മേപ്പാടി റൂട്ടില്‍ രാത്രി എഴിനുശേഷം ബസ് സര്‍വീസ് നാമമാത്രമായത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മേപ്പാടിക്കും ചുണ്ടേലിനും ഇടയിലെ പ്രദേശങ്ങളില്‍നിന്നു വൈത്തിരി, ലക്കിടി, സുഗന്ധഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും പോയി മടങ്ങുന്നവരെയാണ് ബസിന്റെ കുറവ് ഏറെ വിഷമിപ്പിക്കുന്നത്. കോഴിക്കോട്-അമ്പലവയല്‍ റൂട്ടില്‍ വൈകുന്നേരം സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടയ്ക്കു മുടങ്ങുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ ബസ് മുടങ്ങിയതുമൂലം പെരുവഴിയിലായെന്നു പഴയ വൈത്തിരി ജൂബിലി ഹോട്ടലില്‍ ജോലി ചെയ്യുന്ന മുഹമ്മദ് പറയുന്നു. ബസിന്റെ അഭാവത്തില്‍ വീടുകളിലെത്താന്‍ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍.
ചുണ്ടേല്‍-മേപ്പാടി റൂട്ടില്‍ ഓടുന്ന ബസുകളില്‍ പലതും കോവിഡ് കാലത്ത് ഓട്ടം നിര്‍ത്തിയതാണ്. കോഴിക്കോടുനിന്നു മേപ്പാടി വഴി താളൂരിനും തിരിച്ചും ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇപ്പോള്‍ കാണാനില്ല. നിരവധി സ്ഥിരം യാത്രക്കാര്‍ ഉണ്ടായിരുന്നതാണ് ഈ സര്‍വീസ്. നഷ്ടത്തിന്റെ പേരിലാണ് ഈ സര്‍വീസ് അവസാനിപ്പിച്ചതെന്നാണ് വിവരം. നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് ഉടമകളും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles