ഡിജിറ്റല്‍ റീസര്‍വേ ജന പങ്കാളിത്തത്തോടെ നടത്തും-മന്ത്രി എം.വി.ഗോവിന്ദന്‍

കല്‍പറ്റ-കേരളത്തിലെ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ജന പങ്കാളിത്തത്തോടെ നടത്തുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍. ഡിജില്‍ റീസര്‍വേ നടപടികള്‍ വിശദീകരിക്കാന്‍ വയനാട്ടിലെ ജനപ്രതിനിധികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജില്ലാതലം മുതല്‍ പ്രാദേശികതലം വരെ കമ്മിറ്റികള്‍ രൂപീകരിക്കും. ആവശ്യമായ ഘട്ടത്തില്‍ വിദഗ്ധരുടെ സഹായം ലഭ്യമാക്കും. റീ സര്‍വേ സമയം ഭൂരേഖകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റല്‍ റീസര്‍വേ ഉപയോഗപ്പെടുത്തിയല്ലാതെ സംസ്ഥാനത്തെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല. ഇതിനകം 89 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തി. 27 വില്ലേജുകളില്‍ പുരോഗമിക്കുകയാണ്. 1,550 വില്ലേജുകളിലാണ് തുടങ്ങാനുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഡിജിറ്റല്‍ റീസര്‍വേ സമയബന്ധിതമായി നടത്താനാകൂവെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ റീസര്‍വേ വയനാട്ടില്‍ നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലയില്‍ നെന്‍മേനി ഒഴികെ 48 വില്ലേജുകളിലാണ് റീസര്‍വേ നടത്താനുളളത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സര്‍വേ. ഡ്രോണ്‍, കോര്‍സ്, ആര്‍.ടി.കെ റോവര്‍, റോബോട്ടിക് ഇ.ടി.എസ് തുടങ്ങി നൂതന സാങ്കേതിക വിദ്യകളാണ് റീസര്‍വേയ്ക്കു ഉപയോഗിക്കുന്നത്. ഭൂമിയുടെ കൃത്യത ഉറപ്പുവരുത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ റിസര്‍വേ പൂര്‍ത്തിയാകുന്നതോടെ വസ്തുവിന്റെ വില്‍പന, കൈമാറ്റം തുടങ്ങിയ ആവശ്യങ്ങള്‍ക്കു വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളുടെ സേവനം ഏകീകൃതമാക്കി ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് ഡയറക്ടര്‍ ശീറാം സാംബശിവറാവു വിഷയാവതരണം നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles