ദേശീയ ട്രൈബല്‍ കമ്മീഷന്‍ വയനാട്ടില്‍ സിറ്റിംഗ് നടത്തും-സുരേഷ് ഗോപി എം.പി

മാനന്തവാടി എടത്തനയില്‍ പ്രദേശവാസികള്‍ സുരേഷ് ഗോപി എം.പിക്കു നല്‍കിയ സ്വീകരണം.

മാനന്തവാടി-ദേശീയ ട്രൈബല്‍ കമ്മീഷന്‍ വയനാട്ടില്‍ വൈകാതെ സിറ്റിംഗ് നടത്തുമെന്നു കമ്മീഷന്‍ അംഗവും എം.പിയുമായ സുരേഷ് ഗോപി. കാട്ടിക്കുളത്ത് ആദിവാസി വംശീയ വൈദ്യ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ അദ്ദേഹം അറിയിച്ചതാണ് വിവരം.
സംസ്ഥാനത്ത് 500ല്‍ അധികം സ്ഥാപനങ്ങളിലായി 6,000ല്‍ അധികം പേര്‍ ആദിവാസി പാരമ്പര്യ ചികിത്സ നടത്തുന്നുണ്ട്.
എന്നാല്‍ ഇവര്‍ക്ക് സംസ്ഥാന ഭരണകൂടം മതിയായ പരിഗണന നല്‍കുന്നില്ല. ഈ അവസ്ഥയ്ക്കു പരിഹാരം കാണാന്‍ പരിശ്രമിക്കുമെന്നു എം.പി പറഞ്ഞു. ആദിവാസി വംശീയ വൈദ്യ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍.രംഗസ്വാമി വൈദ്യന്‍ അധ്യക്ഷത വഹിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതു ചികിത്സാരീതി അന്യംനില്‍ക്കാതിരിക്കാനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുമെന്നു അദ്ദേഹം പറഞ്ഞു. ആദിവാസി-വംശീയ വൈദ്യത്തിന്റെ അംഗീകാരവുമായി ബന്ധപ്പെട്ടു കേന്ദ്ര പട്ടികവര്‍ഗ മന്ത്രിയെ കാണാന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കു അവസരം ഒരുക്കുമെന്നു എം.പി പ്രതികരിച്ചു. ആദിവാസികളുടെ മെഡിക്കല്‍ കോളേജാണ് വനങ്ങളെന്നും കാട്ടില്‍നിന്നു പച്ചമരുന്നുകള്‍ ശേഖരിക്കാനുള്ള അവകാശം വനംവകുപ്പ് നിഷേധിക്കുകയാണെന്നും കാളിക്കൊല്ലി ഇ.സി.കേളു വൈദ്യര്‍ പറഞ്ഞു. വനാവകാശ നിയമം കടലാസില്‍ മാത്രമാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
അസോസിയേഷന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം എം.പി എടത്തന ട്രൈബല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെയും അതിനു വഴിയൊരുക്കിയ അധ്യാപകരെയും സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.പി ആദരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടി കെ.രഞ്ജിത്ത്, എസ്.ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ മുകുന്ദന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, ജനറല്‍ സെക്രട്ടറിമാരായ കെ.മോഹന്‍ദാസ്, കെ.ശ്രീനിവാസന്‍, മറ്റു നേതാക്കളായ ലക്ഷ്മി കക്കോട്ടറ, പ്രശാന്ത് മലവയല്‍, ഷിംജിത്ത് കണിയാരം, കണ്ണന്‍ കണിയാരം തുടങ്ങിയവര്‍ എം.പിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Social profiles