രാഹുല്‍ഗാന്ധി തീറ്റ തേടിയെത്തുന്ന ദേശാടനക്കിളി-ബി.ജെ.പി

കല്‍പറ്റ-വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം രാഹുല്‍ഗാന്ധി എം.പി തീറ്റ തേടിയെത്തുന്ന ദേശാടനക്കിളി മാത്രമാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, വൈസ് പ്രസിഡന്റ് പ്രശാന്ത് മലയവയല്‍, ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. ജില്ലയിലെ പട്ടികവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട ഒ.ആര്‍.കേളുവും ഐ.സി.ബാലകൃഷ്ണനും എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു.
വയനാട് എം.പി എന്ന നിലയില്‍ രാഹുല്‍ഗാന്ധി തികഞ്ഞ തോല്‍വിയാണ്. മണ്ഡലവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലൊന്നും അദ്ദേഹം ഇടപെടുന്നില്ല. രാഹുല്‍ഗാന്ധി ഇനി വയനാട്ടിലേക്കു വരേണ്ടതില്ല. ഈ മാസം 20നു ശേഷം എം.പിയെ ബി.ജെ.പി ജില്ലയിലെ പാര്‍ട്ടി മണ്ഡലം ആസ്ഥാനങ്ങളില്‍ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യും.
യഥാക്രമം മാനന്തവാടി, ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ വിജയിച്ചു നിയമസഭയിലെത്തിവരാണ് ഒ.ആര്‍.കേളുവും ഐ.സി.ബാലകൃഷ്ണനും. കേളു തുടര്‍ച്ചയായ രണ്ടാം തവണയാണ് എം.എല്‍.എയായത്. ബാലകൃഷ്ണന്‍ മൂന്നാം തവണയാണ് നിയമസഭയില്‍ ബത്തേരി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. രണ്ടു മണ്ഡലങ്ങളിലും ആദിവാസി സമൂഹം പ്രയാസങ്ങള്‍ക്കു നടുവിലാണ്. വീടും ഭൂമിയുമില്ലാത്ത ആദിവാസികള്‍ രണ്ടു മണ്ഡലങ്ങിലും നിരവധിയാണ്. പല പട്ടികവര്‍ഗ ഊരുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ഗോപി എം.പിയുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ കോളനി സന്ദര്‍ശനത്തില്‍ ഇക്കാര്യം വ്യക്തമായതാണ്. കുടിവെള്ളത്തിനു പോലും ആദിവാസികള്‍ ക്ലേശിക്കുന്ന സാഹചര്യമാണു പൊതുവെയുള്ളത്. ആദിവാസികളെ ഭൂ സമരത്തിനു കാടുകളിലേക്കു തള്ളിവിട്ടവര്‍ ഇപ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്. ഈ അവസ്ഥയില്‍ എം.എല്‍.എ പദവിയില്‍ തുടരാന്‍ സി.പി.എമ്മുകാരനായ കേളുവിനും കോണ്‍ഗ്രസുകാരനായ ബാലകൃഷ്ണനും അര്‍ഹതയില്ല. ഇവരുടെ രാജിക്കായി ബി.ജെ.പി രണ്ടു മണ്ഡലങ്ങളിലും സമരം സംഘടിപ്പിക്കും.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇടപെടുമെന്നു ബത്തേരിയില്‍ പൗര പ്രമുഖരുമായി നടത്തിയ ചര്‍ച്ചയില്‍ സുരേഷ്‌ഗോപി എം.പി ഉറപ്പുനല്‍കിയത് ബി.ജെ.പി നേതൃത്വം പ്രതീക്ഷയോടെയാണ് കാണുന്നത്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പദ്ധതിക്കു തുരങ്കം വച്ചത് പിണറായി സര്‍ക്കാരാണ്. പദ്ധതിക്കായി സര്‍വേ നടത്താന്‍ കര്‍ണാടക അനുവദിക്കുന്നില്ലെന്നതു ആസൂത്രിത കുപ്രചാരണമാണ്. ദേശീയ പാത 766ല്‍ ബന്ദിപ്പുര വനഭാഗത്തു രാത്രികാല ഗതാഗത നിയന്ത്രണം തുടരുന്നതിന്റെ ഉത്തരവാദിത്തം കേരള സര്‍ക്കാരിനാണ്. രാത്രിയാത്ര നിയന്ത്രണം നീക്കേണ്ടാ, ബദല്‍ പാത മതി എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles