ഇന്‍സന്റീവ് കുടിശിക: ഡിപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ ധനമന്ത്രിക്കു നിവേദനം നല്‍കി

കല്‍പറ്റ: സാമൂഹിക ക്ഷേമ പെന്‍ഷന്‍, ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള കോവിഡ്കാല സഹായം എന്നിവ വീടുകളില്‍ വിതരണം ചെയ്തതിനുള്ള ഇന്‍സന്റീവ് കുടിശിക അടിയന്തരമായി അനുവദിക്കുന്നതിനു കോ ഓപറേറ്റീവ് ബാങ്ക് ഡിപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ധനമന്തിക്കു നിവേദനം നല്‍കി.
2020 മെയിലും 2021 ഒക്ടോബറിലും ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്ത സഹായത്തിന്റെയും 2021 നവംമ്പര്‍ മുതല്‍ 2022 മെയ് വരെ വിതരണം ചെയ്ത ക്ഷേമ പെന്‍ഷനുകളുടെയും ഇന്‍സന്റീവാണ് കുടിശികയായത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിലൂടെ ലഭിക്കുന്ന ഇന്‍സന്റീവിനെ ഉപജീവനത്തിനു ആശ്രയിക്കുന്ന സംഘം ജീവനക്കാര്‍ നിരവധിയാണ്. സംസ്ഥാനത്ത് 25 ലക്ഷത്തോളം ആളുകളാണ് ഡയറക്ട് ടു ഹോം പദ്ധതിയില്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി പെന്‍ഷന്‍ കൈപ്പറ്റുന്നത്. സംഘങ്ങളിലെ തുച്ഛവരുമാനക്കാരായ നിക്ഷേപ-വായ്പ പിരിവുകാരാണ് ഗുണഭോക്താക്കളുടെ വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നത്. ഒരാള്‍ക്കു പെന്‍ഷന്‍ ലഭ്യമാക്കുമ്പോള്‍ ജീവനക്കാരനു 40 രൂപയും ഡാറ്റാ എന്‍ട്രി നടത്തുന്നയാള്‍ക്കു രണ്ടു രൂപയും സംഘത്തിനു എട്ടു രൂപയുമാണ് പ്രതിഫലം.
പെന്‍ഷന്‍, കോവിഡ്കാല സഹായം എന്നിവ വിതരണം ചെയ്തു മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിഫലം ലഭിക്കാത്തത് പലരെയും പ്രയാസത്തിലാക്കി. ചില സംഘങ്ങള്‍ ഇന്‍സന്റീവ് അഡ്വാന്‍സ് നല്‍കി സഹായിച്ചെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളും ഇത് അനുവദിക്കുന്നില്ല. ധനവകുപ്പില്‍നിന്നു ഇന്‍സന്റീവ് അനുവദിച്ച് ഉത്തരവ് വന്നാലേ പ്രതിഫലം നല്‍കാനാകൂ എന്ന നിലപാടിലാണ് മിക്ക സംഘങ്ങളുടെയും മേധാവികള്‍. ഇക്കാര്യങ്ങള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു അസോസിയേഷന്‍ പ്രസിഡന്റ് വി.ജെ.ലൂക്കോസ്, കെ.വി.ഗോപാലകൃഷ്ണന്‍, പോക്കു മുണ്ടോളി എന്നിവര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles