രാജ്യത്ത് കാണുന്നതു ജനാധിപത്യത്തിനു കരുത്ത് നഷ്ടപ്പെടുന്നതിന്റെ സൂചനകള്‍- ജിഫ്രി തങ്ങള്‍

മുട്ടില്‍ ഡബ്ല്യു.എം.ഒ കാമ്പസിലെ എം.എം.ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ നഗറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 12-ാമത് സംസ്ഥാന സാരഥീസംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: രാജ്യത്ത് ജനാധിപത്യത്തിനു കരുത്ത് നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുട്ടില്‍ ഡബ്ല്യു.എം.ഒ കാമ്പസിലെ എം.എം.ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ നഗറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 12-ാമത് സംസ്ഥാന സാരഥീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തെ ഉന്‍മൂലനം ചെയ്യുന്ന വിധത്തിലാണ്. കുറ്റക്കാരെ സംരക്ഷിച്ച് പ്രതിഷേധക്കാരുടെ വീടുകളടക്കം തകര്‍ത്ത് ഏകാധിപത്യം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യത്തെയും സംസ്‌കാരിക പാരമ്പ്യത്തെയും മതസൗഹാര്‍ദത്തെയും സംരക്ഷിക്കാന്‍ ഉത്തരവാദത്തമുള്ളവര്‍ ഇതെല്ലാം മറന്നാണ് മുന്നോട്ട് പോകുന്നത്. ഒരു മതവും മറ്റു മതങ്ങളെയോ വിശ്വാസങ്ങളെയോ ദൈവങ്ങളെയോ പ്രവാചകരെയോ നിന്ദിക്കാന്‍ അനുവദിക്കില്ല. ഓരോ മതത്തില്‍പ്പെട്ടവരും പരസ്പര ബഹുമാനത്തോടെയാണ് ഇത്രകാലവും ജീവിച്ചത്. അത് തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ സമസ്ത പ്രതിജ്ഞാബദ്ധമാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. സമസ്ത മുശാവറ അംഗം വി.മൂസക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എം.എ.മുഹമ്മദ് ജമാല്‍, കെ.കെ.അഹമ്മദ് ഹാജി, കൊടക് അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കെ.മോയിന്‍കുട്ടി, എം.എ.ചേളാരി എന്നിവര്‍ പ്രസംഗിച്ചു. മാതൃക മുഅല്ലിം അവാര്‍ഡ് കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ എളേറ്റിലിന് ജിഫ്രി തങ്ങള്‍ സമ്മാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles