ബഫര്‍ സോണ്‍: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആംആദ്മി

കല്‍പറ്റ: വന്യ ജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ നിബന്ധനയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്നും സാധിക്കുന്നില്ലെങ്കില്‍ പുനരധിവാസ പാക്കേജോടു കൂടി ഉത്തരവ് നടപ്പാക്കണമെന്നും ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടതി വിധി നടപ്പാക്കും മുമ്പ് വിധിക്ക് മുമ്പുള്ള സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണം. കേരളത്തിലെ, 25ല്‍പ്പരം വന്യമൃഗസങ്കേതങ്ങളുടെയും, ദേശീയോദ്യാനങ്ങളുടെയും, കടുവാ റിസേര്‍വുകളുടെയും അതിര്‍ത്തിക്കു ചുറ്റും പുറത്ത് ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ ഉണ്ടാക്കണം എന്ന സുപ്രീം കോടതി വിധി പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു കൃഷി ചെയ്ത് ജീവിക്കുന്ന കര്‍ഷകരെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ബഫര്‍സോണായി മാറ്റപ്പെടുന്ന ഈ പ്രദേശങ്ങളുടെ വിസ്തീരണം കേരളത്തില്‍ ഉദ്ദേശം 4 ലക്ഷം ഏക്കറോളം വരും. ചെറുപട്ടണങ്ങളും, ജനവസാകേന്ദ്രങ്ങളും പോലും ഉള്‍പ്പെടുന്ന ഈ ഭൂ ഭാഗത്തു രണ്ടു മൂന്ന് തലമുറകളായി ജീവിക്കുന്ന മനുഷ്യരെ ഒരു ദിവസം അവകാശങ്ങള്‍ ഒന്നുമില്ലാത്തവരായി മാറ്റപ്പെടാനിടയാക്കരുത്. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങള്‍ക്ക് കാരണമായ സര്‍കാര്‍ അനാസ്ഥ ചൂണ്ടിക്കാണിക്കാനും പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്നും ജില്ല കണ്‍വീനര്‍ അജി കൊളോണിയ അറിയിച്ചു. യോഗത്തില്‍ ജില്ല സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍ സ്വാഗതം പറഞ്ഞു. ബാബു തച്ചറോത്ത്, ഗജജേക്കബ്, സിജു സെബാസ്റ്റിന്‍, ജോസ് പുന്നക്കുഴി, അനില്‍ വര്‍മ്മ, അനിത സിംഗ്, തോമസ് ഇ.വി, അഡ്വ തോമസ്, ഗഫൂര്‍ കോട്ടത്തറ, മനോജ് കുമാര്‍, റസാക്ക് കല്‍പറ്റ, കൃഷ്ണന്‍ കുട്ടി കല്‍പ്പറ്റ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles