പരിസ്ഥിതി ലോല മേഖല: കലക്ടറേറ്റ് പടിക്കല്‍ റിലേ സത്യഗ്രഹവുമായി കെ.സി.വൈ.എം

വയനാട് കലക്ടറേറ്റ് പടിക്കല്‍ കെ.സി.വൈ.എം സത്യഗ്രഹം കല്‍പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപുറം ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട് കലക്ടറേറ്റ് പടിക്കല്‍ നാലു ദിവസത്തെ റിലേ സത്യഗ്രഹവുമായി കെ.സി.വൈ.എം കല്‍പറ്റ മേഖല കമ്മിറ്റി. സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുക, വനാതിര്‍ത്തി ഗ്രാമങ്ങളെ വന്യജീവി ശല്യ മുക്തമാക്കുന്നതിനു ശാസ്ത്രീയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശനിയാഴ്ച വരെ നീളുന്ന സമരം. ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് സത്യഗ്രഹം.
പ്രഥമ ദിനത്തിലെ സത്യഗ്രഹത്തില്‍ കല്‍പറ്റ. തെനേരി, റിപ്പണ്‍, ഒലിവുമല ഇടവക പ്രതിനിധികള്‍ പങ്കെടുത്തു. കല്‍പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപുറം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പ്രാവര്‍ത്തികമാക്കുന്നതു ജില്ലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്നു അദ്ദേഹം പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിനു പുറമേ, ആറളം, കൊട്ടിയൂര്‍, മലബാര്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ജനവാസ പ്രദേശങ്ങള്‍ ജില്ലയില്‍ നിരവധിയാണെന്നു ഫാ.ജോഷി ചൂണ്ടിക്കാട്ടി. വന വിസ്ത്രിതി കൂട്ടുന്നതിനുള്ള സൂത്രപ്പണികള്‍ക്കല്ല, നിലവിലെ കാടുകള്‍ വന്യജീവികളുടെ അല്ലലില്ലാത്ത വാസത്തിനു യോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും അനുബന്ധ സ്ഥാപനങ്ങളും മുന്‍തൂക്കം നല്‍കേണ്ടതെന്നു അദ്ദേഹം പറഞ്ഞു.
കെ.സി.വൈ.എം മേഖല പ്രസിഡന്റ് ജിക്‌സണ്‍ വടക്കൂട്ട് അധ്യക്ഷത വഹിച്ചു. റിപ്പണ്‍ സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.സണ്ണി കൊല്ലാര്‍തോട്ടം, തെനേരി ഫാത്തിമ മാത പള്ളി വികാരി ഫാ.ജോര്‍ജ് ആലുക്ക, കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ടിബിന്‍ പാറക്കല്‍, മേഖല സെക്രട്ടറി അനുഗ്രഹ് അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.വൈ.എം മേഖല ഡയറക്ടര്‍ ഫാ.റെജി മുതുകത്താനി സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച സത്യഗ്രഹത്തില്‍ എടപ്പെട്ടി, കൊളവയല്‍, തൃക്കൈപ്പറ്റ, കളത്തുവയല്‍ ഇടവക പ്രതിനിധികള്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles